അനാസ്ഥ: പട്ടിക ജാതിക്കാര്‍ക്കുള്ള കോഴി വളര്‍ത്തല്‍ പദ്ധതി നടപ്പാക്കാനായില്ല

Posted on: March 29, 2015 10:34 am | Last updated: March 29, 2015 at 12:42 pm
SHARE

തിരുവനന്തപുരം: തൊഴില്‍രഹിതരായ പട്ടികജാതി വിഭാഗക്കാര്‍ക്ക് ഉപജീവനമാര്‍ഗം ഒരുക്കുന്നതിനായി നടപ്പാക്കാനുദ്ദേശിച്ച കോഴി വളര്‍ത്തല്‍ പദ്ധതി മാനദണ്ഡത്തിലുണ്ടായ പിഴവുമൂലം നടപ്പാക്കാനായില്ല. പദ്ധതി നടത്തിപ്പിനായുള്ള തുകയായ 2.80 കോടി രൂപ ലഭിച്ചിട്ടും പദ്ധതി നടപ്പാക്കാനാകാതെ പോയത് അധികൃതരുടെ അനാസ്ഥമൂലമാണ്.

2011ലാണ് പദ്ധതിക്കുള്ള ഫണ്ട് സര്‍ക്കാര്‍ അനുവദിച്ചത്. 90 സ്വയം സഹായ സംഘങ്ങള്‍ വഴി ഏഴു ജില്ലകളിലാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതു സംബന്ധിച്ച നിര്‍ദേശം പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. 2011 മാര്‍ച്ചില്‍ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായി കെപ്‌കോയെ ചുമതലപ്പെടുത്തി. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറും കെപ്‌കോയും തമ്മില്‍ ധാരണാപത്രവും ഒപ്പുവെച്ചു. ഇതിനു മുമ്പ് തന്നെ പദ്ധതിക്കായുള്ള മുഴുവന്‍ തുകയും ഡിപ്പാര്‍ട്ട്‌മെന്റ് കെപ്‌കോക്ക് കൈമാറി.
പദ്ധതിക്ക് കീഴിലുള്ള ഗുണഭോക്താക്കളെ ഡിപ്പാര്‍ട്ട്‌മെന്റ് തിരഞ്ഞെടുത്ത് പട്ടിക കെപ്‌കോക്ക് കൈമാറണമെന്നതായിരുന്നു നിബന്ധന. 2012 ജനുവരിയില്‍ പട്ടികജാതി വികസന വകുപ്പ് അതിന്റെ ജില്ലാ വികസന ഓഫീസര്‍മാര്‍ക്ക് കെപ്‌കോ നിശ്ചയിച്ച മാനദണ്ഡ പ്രകാരം ഗുണഭോക്തൃ സംഘങ്ങളെ തിരഞ്ഞെടുക്കാന്‍ നിര്‍ദേശം നല്‍കി. ഗുണഭോക്താക്കള്‍ക്ക് കുറഞ്ഞത് 10 സെന്റ് ലോറി കയറുന്ന സ്ഥലം ഉണ്ടായിരിക്കണം. അവിടെ വെള്ളത്തിനും വൈദ്യുതിക്കും ഉള്ള സൗകര്യം ഉണ്ടായിരിക്കണം എന്നിങ്ങനെയാണ് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ വകുപ്പ് നിശ്ചയിച്ച മാനദണ്ഡ പ്രകാരമുള്ള സ്വയംസഹായ സംഘങ്ങളുടെ എണ്ണം കുറവായതിനാല്‍ അവരെ കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ട് ജില്ലാതല ഉദ്യോഗസ്ഥര്‍ അധികൃതരെ അറിയിക്കുകയും തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍, നാളിതുവരെ തിരഞ്ഞെടുപ്പ് മാനണ്ഡങ്ങള്‍ പരിഷ്‌കരിക്കുകയോ പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ഓഡിറ്റ് പരിശോധനയില്‍ കണ്ടെത്തി. കെപ്‌കോ തീരുമാനിച്ച മാനദണ്ഡങ്ങള്‍ വിശദമായ പഠനം നടത്താതെയും യാഥാര്‍ഥ്യങ്ങള്‍ പരിഗണിക്കാതെയുമാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
എന്നാല്‍ 2012 മാര്‍ച്ചില്‍ ചെലവ് വര്‍ധിച്ചതിനാല്‍ 2.14 കോടി രൂപ അനുവദിക്കുകയോ അല്ലെങ്കില്‍ യൂനിറ്റുകളുടെ എണ്ണം 51 ആയി കുറക്കുകയോ ചെയ്യണമെന്ന് കെപ്‌കോ സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന് ആഗസ്റ്റില്‍ സംസ്ഥാനതല വര്‍ക്കിംഗ് കമ്മിറ്റി മുമ്പാകെ പുതിയ നിര്‍ദേശം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വകുപ്പിനോട് ആവശ്യപ്പെട്ടു. പദ്ധതി നടപ്പിലാക്കാത്തതും പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാത്തതും കാരണം 2013 ജൂലൈയില്‍ സര്‍ക്കാര്‍ കെപ്‌കോയില്‍ നിന്നും 2.80 കോടി തിരിച്ചു പിടിക്കാന്‍ വകുപ്പിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കെപ്‌കോ ഒരു പുതിയ നിര്‍ദേശം പരിഗണനക്കും അംഗീകാരത്തിനുമായി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു.
വകുപ്പില്‍ നിന്നുള്ള നിര്‍ദേശങ്ങളുടെ അഭാവമാണ് പദ്ധതി നടപ്പാക്കുന്നതിലെ പരാജയത്തിന് കാരണമായി കെപ്‌കോ അറിയിച്ചത്. തുടര്‍ന്ന് 2014ല്‍ പുതിയ നിര്‍ദേശത്തിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. മുമ്പ് നല്‍കിയ 2.80 കോടി രൂപയുടെ പലിശയും ചേര്‍ത്ത തുകക്കുള്ള ഒരു പുതിയ നിര്‍ദേശം കെപ്‌കോ സര്‍ക്കാറിന് സമര്‍പ്പിക്കണം എന്ന നിബന്ധനയോടെയാണ് ഭരണാനുമതി നല്‍കിയത്. അതനുസരിച്ച് 2014 ഫെബ്രുവരിയില്‍ കെപ്‌കോ, ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച പുതിയ നിര്‍ദേശം മെയ് 2014ല്‍ സര്‍ക്കാറിന്റെ പരിഗണനക്കെത്തിയെങ്കിലും അനുമതി ലഭിച്ചില്ല.
ഇത്തരത്തില്‍ തെറ്റായ മാനദണ്ഡങ്ങള്‍ അവലംബിച്ചതിലൂടെ ഗുണഭോക്താക്കളെ കണ്ടെത്താനാകാതെ പട്ടികജാതി വിഭാഗത്തെ സാമ്പത്തികമായി ഉദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊടുത്ത പദ്ധതി പരാജയമാകുകയായിരുന്നു.