Connect with us

Kerala

നിസാം കേസ്: ജേക്കബ് ജോബിനെതിരെ നടപടിക്ക് ആഭ്യന്തര സെക്രട്ടറിയുടെ ശിപാര്‍ശ

Published

|

Last Updated

തിരുവനന്തപുരം: സസ്‌പെന്‍ഷനിലുള്ള മുന്‍ തൃശൂര്‍ പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബിനെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ശിപാര്‍ശ ചെയ്തു. മുന്‍ ഡി ജി പി. എം എന്‍ കൃഷ്ണമൂര്‍ത്തിയും ജേക്കബ് ജോബുമായുള്ള ഫോണ്‍സംഭാഷണം പുറത്തുവന്ന സംഭവത്തില്‍ ഇന്റലിജന്‍സ് എ ഡി ജി പി. എ ഹേമചന്ദ്രന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് ശിപാര്‍ശ ചെയ്തത്.
മുന്‍ ഡി ജി പിയുമായുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്ത ജേക്കബ് ജോബ് വസ്തുതകള്‍ വളച്ചൊടിച്ച് ബ്ലാക്ക്‌മെയിലിംഗിനു ശ്രമിക്കുകയായിരുന്നുവെന്ന് ഇന്റലിജന്‍സ് എ ഡി ജി പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോണ്‍ സംഭാഷണം പുറത്തുവിട്ടതിലൂടെ ഡി ജി പി. കെ എസ് ബാലസുബ്രഹ്മണ്യത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിച്ചത്. സ്വന്തം ഭാഗം ന്യായീകരിക്കാനാണ് ജേക്കബ് ജോബ് ഫോണ്‍ സംഭാഷണത്തില്‍ ശ്രമിക്കുന്നത്. സംഭാഷണത്തിന്റെ സി.ഡി ചോര്‍ത്തി നല്‍കിയതും ഗുരുതരമായ തെറ്റാണെന്ന് റിപോര്‍ട്ടില്‍ പറയൂന്നു.
ഡി ജി പിയെയും ഉന്നത ഉദ്യോഗസ്ഥരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി വിവാദങ്ങളില്‍നിന്നും രക്ഷപ്പെടാനാണ് ജേക്കബ് ജോബ് ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്തത്. സസ്‌പെന്‍ഷനിലായ ശേഷം ഡി.ജി.പി കൃഷ്ണമൂര്‍ത്തിയെയും തൃശൂര്‍ പോലിസ് കമ്മീഷണറുടെ ഔദ്യോഗിക വസതിയില്‍ ജോലി ചെയ്യുന്ന പോലിസുകാരനെയും ജേക്കബ് ജോബ് ഫോണില്‍ ബന്ധപ്പെട്ട് സംഭാഷണം റെക്കോഡ് ചെയ്തിട്ടുണ്ട്. ചന്ദ്രബോസ് വധക്കേസിലെ മുഖ്യപ്രതി നിഷാമിനെ സഹായിക്കാന്‍ ഡി ജി പി വിളിച്ചെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം നടത്തി. പ്രതികളില്‍നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പണം വാങ്ങിയതായി ആരോപണമുണ്ടായിട്ടും നടപടികളൊന്നും എടുത്തില്ലെന്നും ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ റിപോര്‍ട്ടില്‍ പറയുന്നു. ഈ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സെക്രട്ടറി സര്‍ക്കാരിനോട് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഒരു കുറ്റകൃത്യത്തിന് സസ്‌പെന്‍ഷനില്‍ കഴിയുമ്പോള്‍ വീണ്ടും ഗുരുതരമായ അച്ചടക്കലംഘനം നടത്തിയ ഉദ്യാഗസ്ഥനെതിരേ കര്‍ശന നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറിയുടെ ശിപാര്‍ശയില്‍ പറയുന്നു.

Latest