Connect with us

National

ആം ആദ്മി പിളര്‍പ്പിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: പ്രതീക്ഷകളോടെ ഡല്‍ഹിയില്‍ അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടി (എ എ പി) പിളര്‍പ്പിലേക്കെന്ന സൂചന നല്‍കി സ്ഥാപക നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടി. എ എ പി നേതാക്കളായ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിക്കും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ നിരന്തരം പരസ്യമായി രംഗത്തുവന്ന സാഹചര്യത്തിലാണ് നടപടി. ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ വോട്ടിനിട്ടാണ് ഇരുവരെയും പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. യോഗേന്ദ്ര യാദവിന് പരസ്യമായി പിന്തുണ നല്‍കിയ ആനന്ദ് കുമാര്‍, അജിത് ഝാ എന്നിവരെയും നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്താക്കി. അച്ചടക്കലംഘനത്തിന്റെ പേരില്‍ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണിനെയും നേരത്തെ എ എ പിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

നാല് പേരെയും പുറത്താക്കണമെന്നതിനോട് യോഗത്തില്‍ പങ്കെടുത്ത 247 അംഗങ്ങള്‍ യോജിച്ചതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പങ്കജ് ഗുപ്ത പറഞ്ഞു. നാല് പേര്‍ ഇതിനെ എതിര്‍ത്തതായും രണ്ട് പേര്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. 54 പേര്‍ യോഗത്തില്‍ പങ്കെടുത്തിട്ടില്ല. യോഗം സമാധാനപരമായാണ് നടന്നതെന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ എ എ പി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു. ഇരുവരെയും പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം മനീഷ് സിസോദിയ ആണ് യോഗത്തില്‍ അവതരിപ്പിച്ചത്. പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് നടത്തിയ വികാരനിര്‍ഭരമായ പ്രസംഗത്തിനു ശേഷം അരവിന്ദ് കെജ്‌രിവാള്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി.
ജനാധിപത്യത്തെ കൊലപ്പെടുത്തുന്ന നടപടികളാണ് ഉണ്ടായതെന്ന് യോഗേന്ദ്ര യാദവ് കുറ്റപ്പെടുത്തി. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് യോഗം നടന്നത്. ചര്‍ച്ചയും വോട്ടെടുപ്പും നടന്നിട്ടില്ല. യോഗത്തില്‍ പങ്കെടുത്ത എം എല്‍ എമാര്‍ ഗുണ്ടകളെപോലെയാണ് പെരുമാറിയത്. യോഗത്തില്‍ തങ്ങളെ അനുകൂലിച്ച ചിലരെ മര്‍ദിച്ചെന്നും യോഗേന്ദ്ര യാദവ് ആരോപിച്ചു. തങ്ങളെ പുറത്താക്കിയില്ലെങ്കില്‍ രാജിവെക്കുമെന്ന് കെജ്‌രിവാള്‍ ഭീഷണിപ്പെടുത്തിയതായും യാദവ് ആരോപിച്ചു. രാവിലെ യോഗത്തിനെത്തിയ യോഗേന്ദ്ര യാദവിനെതിരെ എ എ പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് രംഗത്തെത്തിയത് നേരിയ സംഘര്‍ഷത്തിനിടയാക്കി. യോഗത്തില്‍ പങ്കെടുക്കുന്നത് തടയാന്‍ ശ്രമിച്ചതോടെ യോഗം നടക്കുന്ന വേദിക്ക് പുറത്ത് യാദവ് ധര്‍ണ നടത്തി.
യോഗം നടക്കുന്നതിന് മുമ്പ്, എ എ പി ലോക്പാല്‍ ആയ റിട്ട. അഡ്മിറല്‍ എല്‍ രാമദാസിന്റെ ട്വിറ്റര്‍ യോഗേന്ദ്ര യാദവ് ഷെയര്‍ ചെയ്തിരുന്നു. താന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നും ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ക്കു പുറമെ പാര്‍ട്ടിയുടെ എം എല്‍ എമാരെയും എം പിമാരെയും മാത്രമാണ് യോഗത്തിന് ക്ഷണിച്ചതെന്നുമാണ് രാമദാസ് ട്വിറ്ററില്‍ കുറിച്ചത്. ലോക്പാലിന് വേണ്ടിയുള്ള പ്രചാരണങ്ങളിലൂടെയാണ് പാര്‍ട്ടി വളര്‍ന്നത്. എന്നാല്‍, സ്വന്തം പാര്‍ട്ടിയിലെ ലോക്പാല്‍ തലവന് യോഗത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു.
യാദവിനെയും ഭൂഷണെയും പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചേക്കുമെന്നും ഇരുവരുടെയും അനുയായികള്‍ സൂചന നല്‍കി. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അടിച്ചമര്‍ത്തുകയും അധികാരം കൈയടക്കാന്‍ അസാധാരണ വഴികള്‍ സ്വീകരിക്കുകയുമാണ് കെജ്‌രിവാളെന്ന് ആരോപിച്ച് യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും വെള്ളിയാഴ്ച വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.
തങ്ങള്‍ ഉന്നയിക്കുന്ന ഏത് വിഷയത്തെയും കെജ്‌രിവാളിന്റെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നതായും കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങളായും ചിത്രീകരിക്കുകയാണെന്ന് ഇരുവരുടെയും ആരോപണം. ഇതിനെതിരെ കെജ്‌രിവാള്‍ ക്യാമ്പ് ശക്തമായി രംഗത്തെത്തിയിരുന്നു.

Latest