Connect with us

Ongoing News

കങ്കാരുവിന് പഞ്ചാമൃതം; നെഞ്ചുതകര്‍ന്ന് കിവികള്‍

Published

|

Last Updated

മെല്‍ബണ്‍: ആദ്യ ലോകകപ്പ് കിരീടമെന്ന കിവികളുടെ സ്വപ്‌നം പൊലിഞ്ഞു. ആധികാരിക ജയത്തോടെ ഓസീസ് അഞ്ചാം തവണയും ലോകകിരീടം ചൂടി. മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ 101 പന്തുകള്‍ ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റിനാണ് ന്യൂസിലാന്‍ഡിനെ ആസ്‌ത്രേലിയ തകര്‍ത്തുവിട്ടത്. മത്സരത്തിന്റെ ആദ്യ ഓവര്‍ മുതല്‍ ആഞ്ഞടിച്ച ആസ്‌ത്രേലിയ മത്സരത്തിലുടനീളം ന്യൂസിലാന്‍ഡിനെ നിഷ്പ്രഭമാക്കി. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ കിവീസിനെ 183 റണ്‍സില്‍ ചുരുട്ടക്കൂട്ടിയ കങ്കാരുപ്പട 33.1 ഓവറില്‍ ലക്ഷ്യം കണ്ടു.
ലോകകപ്പില്‍ ഇതുവരെ നടന്ന എല്ലാ മത്സരങ്ങളും വിജയിച്ച ന്യൂസിലാന്‍ഡിന് കലാശപ്പോരില്‍ കാലിടറുന്ന കാഴ്ചക്കാണ് മെല്‍ബണ്‍ സാക്ഷിയായത്. ബ്രണ്ടന്‍ മക്കെല്ലമെന്ന വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആദ്യ ഓവറില്‍ പുറത്തായതോടെ ആത്മവിശ്വാസം ചോര്‍ന്ന അവര്‍ക്ക് പിന്നീട് മത്സത്തിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞില്ല. നേരത്തെ ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലാന്‍ഡ് ആസ്‌ത്രേലിയയെ തോല്‍പ്പിച്ചിരുന്നു.

final

താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന ഓസീസിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. സ്‌കോര്‍ രണ്ടില്‍ നില്‍ക്കെ ആരോണ്‍ ഫിഞ്ച് മടങ്ങി. അഞ്ച് പന്തുകള്‍ നേരിട്ട ഫിഞ്ച് പൂജ്യനായാണ് പുറത്തായത്. ഫിഞ്ചിന്റെ പുറത്താക്കിയെങ്കിലും ഓസീസിന്റെ കുതിപ്പിന് തടയിടാന്‍ കിവികള്‍ക്ക് കഴിഞ്ഞില്ല. പിന്നീടെത്തിയ സ്റ്റീവന്‍ സ്മിത്ത്- ഡേവിഡ് വാര്‍ണര്‍ കൂട്ടുകെട്ട് റണ്‍സ് നിരക്കുയര്‍ത്തി. എന്നാല്‍ സ്‌കോര്‍ 63 റണ്‍സില്‍ നില്‍ക്കെ വാര്‍ണര്‍ മടങ്ങി. ഹെന്റിക്കായിരുന്നു വിക്കറ്റ്. 46 പന്തില്‍ ഏഴ് ബൗണ്ടറികളുടെ 45 റണ്‍സായിരുന്നു വാര്‍ണറുടെ സമ്പാദ്യം. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും (74), വൈസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും (56) ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഓസീസിന്റെ വിജയം അനായാസമാക്കിയത്. 32ാം ഓവറില്‍ ഹെന്റിയുടെ പന്തില്‍ ബൗള്‍ഡായി മടങ്ങുമ്പോഴേക്കും ക്ലാര്‍ക്ക് തന്റെ ടീമിന്റെ വിജയം ഉറപ്പിച്ചിരുന്നു. 72 പന്തുകളില്‍ നിന്ന് പത്ത് ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 74 റണ്‍സായിരുന്നു ക്ലാര്‍ക്കിന്റെ സമ്പാദ്യം. വാട്‌സണ്‍ രണ്ട് റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സൗത്തിയും ബോള്‍ട്ടും വെട്ടോറിയുമടങ്ങുന്ന കിവീസിന്റെ മികച്ച ബൗളിംഗ് നിരക്ക് ഒരു ഘട്ടത്തിലും ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താനായില്ല. ടിം സൗത്തി എട്ട് ഓവറില്‍ അറുപത്തിഅഞ്ച് റണ്‍സ് വഴങ്ങുകയും ചെയ്തു. വിക്കറ്റൊന്നും ലഭിച്ചതുമില്ല.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നാല് ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍ അക്കൗണ്ട് തുറക്കാതെ പുറത്തായി. ഇതുവരെയുള്ള മത്സരങ്ങളില്‍ കിവികളെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കെല്ലത്തെ പവലിയനിലേക്ക് മടങ്ങി മിച്ചല്‍ സ്റ്റാര്‍ച്ചാണ് കിവീസ് തകര്‍ച്ചക്ക് തുടക്കമിട്ടത്. സംപൂജ്യനായി മക്കെല്ലം മടങ്ങുമ്പോള്‍ ന്യൂസിലാന്‍ഡ് സ്‌കോര്‍ ഒന്ന്. സ്റ്റാര്‍ച്ചിന്റെ തീപാറും യോര്‍ക്കര്‍ മക്കല്ലെത്തിന്റെ കുറ്റിയിളക്കുകയായിരുന്നു. മക്കെല്ലത്തിന്റെ പുറത്താകലോടെ കിവീസ് മാനസികമായി തകര്‍ന്നു എന്നതാണ് യാഥാര്‍ഥ്യം. സ്റ്റാര്‍ച്ചും ഹെയ്‌സല്‍വുഡും മാരകമായി പന്തെറിഞ്ഞപ്പോള്‍ ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുട്ടിടിച്ചു. സ്‌കോര്‍ 33ല്‍ നില്‍ക്കെ ഗുപ്റ്റിലും മടങ്ങി. 34 പന്തില്‍ 15 റണ്‍സെടുത്ത ഗുപ്റ്റിലിനെ മാക്‌സ്‌വെല്‍ ബൗള്‍ഡാക്കി. 13ാം ഓവറില്‍ വില്ല്യംസണും മടങ്ങിയതോടെ കിവീസ് കൂട്ടത്തകര്‍ച്ചയിലേക്ക് പതിച്ചു. കിവീസ് 39ന് മൂന്ന്. അവിടെ നിന്ന് ഒത്തുചേര്‍ന്ന റോസ് ടെയ്‌ലര്‍, സെമി ഫൈനലിലെ ഹീറോ ഗ്രാന്‍ഡ് എലിയട്ട് എന്നിവരാണ് കിവീസിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. മധ്യ ഓവറുകളില്‍ സിംഗിളുകളും ഡബിളുകളുമെടുത്ത് ഇവര്‍ പതിയെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 15. 1 ഓവറില്‍ കിവീസ് അന്‍പതും 26. 2 ഓവറില്‍ സ്‌കോര്‍ നൂറും പിന്നിട്ടു. തൊട്ടുപിന്നാലെ എലിയട്ട് അര്‍ധ സെഞ്ച്വറി തികച്ചു. 51 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സും സഹിതമായിരുന്നു എലിയട്ടിന്റെ ഫിഫ്റ്റി.
നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 111 റണ്‍സിന്റെ കൂട്ടുകെട്ടാണ് ന്യൂസിലാന്‍ഡ് ഇന്നിംഗ്‌സിന് നെടുംതൂണായത്. എന്നാല്‍ 35ാം ഓവറില്‍ ബാറ്റിംഗ് പവര്‍പ്ലേയെടുത്ത കിവികളെ ഞെട്ടിച്ചുകൊണ്ട് ടെയ്‌ലര്‍ വീണു. ഫോക്‌നര്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ഹാഡിന്റെ മനോഹരമായ ക്യാച്ചിലൂടെയാണ് ടെയ്‌ലര്‍ പുറത്തായത്. വലതുവശത്തേക്ക് മുഴുനീള ഡൈവിലൂടെ ഹാഡിന്‍ പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. ന്യൂസിലാന്‍ഡിന്റെ തകര്‍ച്ചയുടെ രണ്ടാം ഘട്ടം അവിടെ തുടങ്ങി. സ്വപ്‌നതുല്ല്യമായ സ്‌പെല്ലായിരുന്നു ഫോക്‌നറിന്റെത്. പിന്നീടെത്തിയ ആന്‍ഡേഴ്‌സനെയും ഫോക്‌നര്‍ പുറത്താക്കി. മനോഹരമായൊരു പന്ത് ആന്‍ഡേഴ്‌സണിന്റെ പാഡില്‍തട്ടി സ്റ്റംപില്‍ പതിച്ചു. തൊട്ടുപിന്നാലെ റോഞ്ചിയും പൂജ്യനായി പുറത്ത്. സ്റ്റാര്‍ച്ചിന്റെ പന്തില്‍ ക്ലാര്‍ക്കിന് ക്യാച്ച്. ഒരു റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് ന്യൂസിലാന്‍ഡിന് നഷ്ടമായത്. റണ്‍സ് നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ കിവീസിന്റെ ടോപ്‌സ്‌കോറര്‍ എലിയട്ടും പുറത്തായി. 82 പന്തില്‍ 83 റണ്‍സെടുത്ത എലിയട്ടിനെ ഫോക്‌നറുടെ പന്തില്‍ ഹാഡിന്‍ പിടിച്ചു. വെട്ടോറിക്കും സൗത്തിക്കും ഹെര്‍റിക്കും ബോള്‍ട്ടിനും പിന്നീട് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഓസീസ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ച്, മിച്ചല്‍ ജോണ്‍സണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

1987, 1999, 2003, 2007 വര്‍ഷങ്ങളിലാണ് ഓസീസ് ഇതിനുമുമ്പ് ലോകകിരീടം നേടിയത്. ഇന്ത്യയെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ ഫൈനലില്‍ പ്രവേശിച്ചത്. ദക്ഷിണാഫ്രിക്കയെ തകര്‍ത്തായിരുന്നു ന്യൂസിലന്‍ഡിന്റെ ഫൈനല്‍ പ്രവേശം. ആദ്യമായാണ് കിവീസ് ഫൈനലില്‍ കടന്നത്. ഇന്നത്തെ ഫൈനലിലാണ് ന്യൂസിലന്‍ഡ് ആദ്യമായി ഈ ലോകകപ്പില്‍ രാജ്യത്തിന് പുറത്ത് കളിക്കുന്നത്. സെമി ഫൈനല്‍ അടക്കമുള്ള മത്സരങ്ങള്‍ സ്വന്തം രാജ്യത്ത് മാത്രമാണ് കളിച്ചത്. ഫൈനല്‍ ഓസ്‌ട്രേലിയയിലായത് കിവീസിന് തിരിച്ചടിയായെന്ന് വേണം കരുതാന്‍.

ആസ്‌ത്രേലിയയുടെ ലോക കിരീടങ്ങള്‍
1987: അലന്‍ ബോര്‍ഡറിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ആസ്‌ത്രേലിയ ആദ്യമായി ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ഇന്ത്യയും പാക്കിസ്ഥാനും സംയുക്തമായി ആതിഥേയത്വം വഹിച്ച ലോകകപ്പിന്റെ ഫൈനല്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലായിരുന്നു.
1999: പാക്കിസ്ഥാനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഓസീസ് രണ്ടാം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടത്. ഇംഗ്ലണ്ടിലെ ലോഡ്‌സില്‍ നടന്ന മത്സരത്തില്‍ ആസ്‌ത്രേലിയയെ നയിച്ചത് സ്റ്റീവ് വോ ആയിരുന്നു.
2003: സൗരവ് ഗാംഗുലി നയിച്ച ഇന്ത്യയെ 125 റണ്‍സിന് തോല്‍പ്പിച്ച് ആസ്‌ത്രേലിയ മൂന്നാം ലോകകപ്പും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയിലായിരുന്നു മത്സരം. ഫൈനലില്‍ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗായിരുന്നു ഓസീസിന്റെ വിജയശില്‍പ്പി.
2007: വെസ്റ്റ് ഇന്‍ഡീസ്ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ഓസീസ് നാലാം ലോക കിരീടം നേടിയെടുത്തു. തുടര്‍ച്ചയായി മൂന്ന് ലോകപ്പ് കിരീടം നേടുന്ന ആദ്യ ടീം എന്ന നേട്ടവും ആസ്‌ത്രേലിയ സ്വന്തമാക്കി.
2015: സ്വന്തം രാജ്യത്ത് നടന്ന ഫൈനലില്‍ ന്യൂസിലാന്‍ഡിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഓസീസ് അഞ്ചാം കിരീടം സ്വന്തമാക്കി. മൈക്കല്‍ ക്ലാര്‍ക്കായിരുന്നു ഇത്തവണ നായകന്‍ . ഇതോടെ അഞ്ച് ഭൂഖണ്ഡങ്ങളിലും ലോകകിരീടം നേടുന്ന ഏക ടീമായി ആസ്‌ത്രേലിയ മാറി.