സിപിഐ ദേശീയ കൗണ്‍സില്‍: കേരള അംഗങ്ങളെ തീരുമാനിച്ചു

Posted on: March 28, 2015 10:14 pm | Last updated: March 29, 2015 at 12:40 pm
SHARE

cpiപുതുച്ചേരി: തര്‍ക്കത്തിനൊടുവില്‍ സി പി ഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്നുള്ള അംഗങ്ങളുടെ കാര്യത്തില്‍ ധാരണയായി. സി എന്‍ ജയദേവന്‍ കെ പ്രകാശ് ബാബു, ടി വി ബാലന്‍ എന്നിവരെ ദേശീയ കൗണ്‍സില്‍ അംഗങ്ങളായി തിരഞ്ഞെടുത്തു. നേരത്തെ കൗണ്‍സിലില്‍ ഉണ്ടായിരുന്ന കെ ആര്‍ ചന്ദ്ര മോഹനെ ഒഴിവാക്കി. ചന്ദ്രമോഹന് പകരക്കാരനായാണ് പ്രകാശ് ബാബുവിനെ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയത്. പുതുച്ചേരിയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഇതുസ‌ംബന്ധിച്ച് തീരുമാനമായത്.

എന്നാല്‍ തന്നെക്കാള്‍ യോഗ്യതയുള്ള ആളല്ല പ്രകാശ് ബാബുവെന്ന് ചന്ദ്ര മോഹന്‍ പ്രതികരിച്ചു. താനാണ് പ്രകാശ് ബാബുവിനെ പാര്‍ട്ടിയില്‍ വളര്‍ത്തിക്കൊണ്ടുവന്നതെന്നും കേരളത്തിലെ പാര്‍ട്ടിക്ക് വേണ്ടിയാണ് സ്ഥാനമൊഴിയാന്‍ തയ്യാറായതെന്നും അദ്ദേഹം വ്യക്തമാക്കി.

കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വോട്ടെടുപ്പ് വേണമെന്ന് നിര്‍ദേശമുയര്‍ന്നെങ്കിലും കാനം രാജേന്ദ്രന്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചെന്ന് സി ദിവാകരന്‍ പറഞ്ഞു. കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം അംഗങ്ങള്‍ തമ്മിലുള്ള ഉന്തിലും തള്ളിലും വരെ കലാശിച്ചിരുന്നു.

സി പി എെയില്‍ സെക്രട്ടറിമാരുടെ ടേം മൂന്നില്‍ നിന്ന് രണ്ടായി കുറച്ചുകൊണ്ടുള്ള തീരുമാനവു‌ം പാര്‍ട്ടി കോണ്‍ഗ്രസ് കെെകൊണ്ടു.