അറബ് ഉച്ചകോടിക്ക് തുടക്കമായി; യമനില്‍ ആക്രമണം തുടരുമെന്ന് സഊദി

Posted on: March 28, 2015 4:26 pm | Last updated: March 29, 2015 at 11:26 am
SHARE

ARAB SUMMITTഷറം അല്‍ ശൈഖ്: 26ാമത് അറബ് ഉച്ചകോടിക്ക് ഈജിപ്തിലെ ഷറം അല്‍ ശൈഖില്‍ തുടക്കമായി. യെമനിലെ ഹൂത്തി വിമതര്‍ക്കെതിരെ സഊദി അറേബ്യയുടെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ ഉച്ചകോടിയില്‍ സുപ്രധാന ചര്‍ച്ചാവിഷയമാകും. അറബ് മേഖലയിലെ ആക്രമണങ്ങളെ ചെറുക്കാന്‍ സംയുക്ത സൈനിക സഖ്യം രൂപവത്കരിക്കുന്നത് സംബന്ധിച്ച സാധ്യതകളും ഉച്ചകോടി ആരായും.

സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അറബ്‌കോടിയെ അഭിസംബോധന ചെയ്തു. തീവ്രവാദത്തെ നേരിടാന്‍ അറബ് സഖ്യം രൂപവത്കരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. യെമനിലെ നിലവിലുള്ള പ്രശ്‌നങ്ങള്‍ അറബ് ലീഗിന് കീഴില്‍ പരിഹരിക്കുന്നതിനുള്ള സാധ്യതകള്‍ ആരായാനാണ് യമന്‍ പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയെ സഊദിയിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. യെമനില്‍ സ്ഥിതി ശാന്തമാകും വരെ ആക്രമണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യെമനെ സഹായിക്കുന്ന അറബ് രാജ്യങ്ങളുടെ ശ്രമങ്ങളെ ഉച്ചകോടിയില്‍ സംസാരിച്ച യമന്‍ പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സാര്‍ ഹാദി സ്വാഗതം ചെയ്തു.

അറബ് മേഖലയിലെ 22 രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഇവരില്‍ 14 പേര്‍ ആദ്യ ദിനം തന്നെ ഉച്ചകോടിക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്.