വിലകുറച്ച് വിപണി പിടിക്കാന്‍ ഐഫോണും; ചില്ലറ വിലക്ക് സ്വന്തമാക്കാം

Posted on: March 28, 2015 12:50 pm | Last updated: March 28, 2015 at 12:50 pm
SHARE

iphone-6cവാഷിംഗ്ടണ്‍: സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വിലക്കുറവിന്റെ മഹാമേളകള്‍ നടക്കുമ്പോഴും ആപ്പിള്‍ അതില്‍ പങ്കെടുക്കാറില്ല. വിലയിലും ഗുണമേന്‍മയിലും ഉയര്‍ന്നുനില്‍ക്കുന്ന ഐ ഫോണുകള്‍ പലര്‍ക്കും സ്റ്റാറ്റസ് സിംബലായി മാറിയത് അങ്ങനെയാണ്. എന്നാല്‍ ആപ്പിളും ചുവട് മാറ്റുന്നു. മിഡില്‍ റേഞ്ചില്‍ വരുന്ന പുതിയ ഐഫോണ്‍ ഉടന്‍ വിപണിയിലെത്തുമെന്ന് ടെക് ലോകത്തെ വാര്‍ത്തകള്‍ വ്യക്തമാക്കുന്നു.

ഐഫോണിന്റെ മൂന്ന് പതിപ്പുകളാണ് ഉടന്‍ വിപണിയില്‍ എത്തുന്നത്. ഐഫോണ്‍ 6 എസ്, ഐഫോണ്‍ 6 എസ് പ്ലസ്, ഐഫോണ്‍ 6 സി എന്നിവയാണ് ഉടന്‍ എത്തുന്ന മോഡലുകള്‍. ഇതില്‍ ഐഫോണ്‍ 6 എസും എസ് പ്ലസും നിലവിലെ ഐഫോണ്‍ 6ന്റെയും 6 പ്ലസിന്റെയും ഉയര്‍ന്ന വേരിയന്റായിരിക്കും. എന്നാല്‍ ഐഫോണ്‍ 6 സി സാധാരണക്കാരെ ഉദ്ദേശിച്ചുള്ള മോഡലാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

മിഡില്‍ റേഞ്ച് ഫോണുകളുടെ നിരയിലാകും 6സിയുടെ ഇടം. ചൈനയില്‍ നിന്നുള്ള വാര്‍ത്തകളനുസരിച്ച് 25,000 രൂപക്കും 30000 രൂപക്കും ഇടയിലാകും ഇതിന്റെ വില. ഐഫോണിന്റെ എറ്റവും വലിയ പ്രത്യേകതകളില്‍ ഒന്നായ മെറ്റല്‍ ബോഡിയില്‍ മാറ്റം വരുത്തി പ്ലാസ്റ്റിക് ബോഡിയോടെയാകും 6സിയുടെ വരവ്. എന്നാല്‍ എന്‍ എഫ്‌സി, ഫിങ്കര്‍ പ്രിന്റ് സ്‌കാനര്‍ തുടങ്ങിയ സവിശേഷതകള്‍ ഇതിലും ഉണ്ടാകും. ഐഫോണ്‍ 5സിയുടെ സ്ഥാനത്താണ് പുതിയ 6സി എത്തുന്നത് എന്നും ചൈനയില്‍ നിന്നുളള് സാങ്കേതിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.