Connect with us

National

പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനെയും എ എ പി ദേശീയ കൗണ്‍സിലില്‍ നിന്ന് പുറത്താക്കി

Published

|

Last Updated

ന്യൂഡല്‍ഹി: കടുത്ത ചേരിപ്പോര് തുടരുന്നതിനിടെ ആം ആദ്മി പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവില്‍ നിന്ന് മുതിര്‍ന്ന നേതാക്കളെ പുറത്താക്കി. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനെയുമാണ് പുറത്താക്കിയത്. ഇന്ന് ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെതാണ് തീരുമാനം. പാര്‍ട്ടി ചെയര്‍മാന്‍ അരവിന്ദ് കെജരിവാളാണ് ഇരുവരെയും പുറത്താക്കിക്കൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചതെന്നാണ് വിവരം. തുടര്‍ന്ന് പ്രമേയം വോട്ടിനിട്ട് പാസ്സാക്കുകയായിരുന്നു.

നാടകീയ സംഭവങ്ങളാണ് ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ഇന്ന് അരങ്ങേറിയത്. യോഗത്തില്‍ പങ്കെടുക്കാനെത്തിയ യോഗേന്ദ്ര യാദവിനെതിരെ കെെയേറ്റശ്രമമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹം അനുയായികള്‍ക്കൊപ്പം പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന് യോഗത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കി. എന്നാല്‍ യോഗേന്ദ്ര യാദവ് യാേഗ ഹാളില്‍ കയറിയതോടെ കെജരിവാള്‍ ഇറങ്ങിപ്പോകുകയായിരുന്നു.

കെജരിവാള്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് യോഗശേഷം പുറത്തിയറങ്ങിയ യേഗേന്ദ്ര യാദവ് പ്രതികരിച്ചു. തന്നെയും ഭൂഷണെയും ഒഴിവാക്കിയിലെ്ലങ്കില്‍ പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളു‌ം രാജിവെക്കുമെന്ന് കെജരിവാള്‍ ഭീഷണി മുഴക്കിയതായും അദ്ദേഹം ആരോപിച്ചു. ഇന്നത്തെ സംഭവവികാസങ്ങളുടെ പേരില്‍ പാര്‍ട്ടിയെ ആരും വിലയിരുത്തരുതെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.

നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായാണ് ഇന്നത്തെ യോഗം നടന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ കുറ്റപ്പെടുത്തി.