Connect with us

Kerala

പി സി ജോര്‍ജിനെ മാറ്റാന്‍ യു ഡി എഫില്‍ ധാരണയായി

Published

|

Last Updated

തിരുവനന്തപുരം: ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റുന്നതിനായി മന്ത്രി കെ എം മാണി വിലപേശല്‍ തുടരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി മുന്നണിയെ വിരട്ടി കാര്യം നേടാനുള്ള ഒരുക്കത്തിലാണ് മാണിയും കേരളാ കോണ്‍ഗ്രസും. ഇതോടെ സമ്മര്‍ദത്തിലായ മുന്നണി, കേരളാ കോണ്‍ഗ്രസ്- എം വൈസ് ചെയര്‍മാന്‍ കൂടിയായ പി സി ജോര്‍ജിനെ സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ ഏകദേശ ധാരണയിലെത്തിയിട്ടുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് നീക്കണമെന്ന നിലപാട് മാണി ശക്തമാക്കിയതാണ് മുന്നണിയെ പുതിയ തീരുമാനത്തിലേക്ക് നയിക്കുന്നത്. അന്തിമ തീരുമാനമെടുക്കുന്നതിന് മുന്നോടിയായി യു ഡി എഫിലെ പ്രധാന നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.
കേരളാ കോണ്‍ഗ്രസ് ഉന്നയിച്ച ആവശ്യങ്ങളില്‍ വ്യാഴാഴ്ച തീരുമാനമെടുത്തിരിക്കണമെന്നാണ് മാണിയുടെ ആവശ്യം. ഇനി ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്നുമാണ് മാണിയുടെ മുന്നറിയിപ്പ്. വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയാലുടന്‍ തീരുമാനമെടുക്കുമെന്ന് മാണിയെ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും യു ഡി എഫ് ഉന്നതാധികാര സമിതിയില്‍ നിന്നും നീക്കണമെന്ന പാര്‍ട്ടി നിയമസഭാകക്ഷി യോഗത്തിന്റെ തീരുമാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഉമ്മന്‍ ചാണ്ടിയുമായും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുമായും കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചകളില്‍ മാണി വ്യക്തമാക്കിയിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള മാണിയുടെ വിരട്ടല്‍ ലീഗിനെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. മാണിയുടെ പിന്തുണയില്ലാതെ പാര്‍ട്ടിയുടെ രാജ്യസഭാ സീറ്റ് സുരക്ഷിതമല്ലെന്നതാണ് ലീഗിനെ ആശങ്കയിലാഴ്ത്തുന്നത്.
അതേസമയം, ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് ഒഴിവാക്കിയാലും പി സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടതില്ലെന്നാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം. കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ രൂപവത്കരിച്ച് യു ഡി എഫില്‍ തുടരാനുള്ള പി സി ജോര്‍ജിന്റെ നീക്കത്തിന് തടയിടുന്നതിന്റെ ഭാഗമായാണിത്. കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ ജോര്‍ജിനെ കൊണ്ടുവന്ന് എം എല്‍ എ സ്ഥാനം കൂടി നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ പാര്‍ട്ടിയുണ്ടാക്കി മുന്നണിയില്‍ തുടരാന്‍ ജോര്‍ജിനെ അനുവദിക്കില്ലെന്നും പാര്‍ട്ടി വൈസ് ചെയര്‍മാന്‍ മറ്റൊരു പാര്‍ട്ടി രൂപവത്കരിച്ച് മുന്നണിയില്‍ തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മാണി ഇതിനകം വ്യക്തമാക്കിയിട്ടുമുണ്ട്. കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ രൂപവത്കരിച്ച് യു ഡി എഫില്‍ തുടരാന്‍ അവസരമുണ്ടാക്കണമെന്ന് പി സി ജോര്‍ജ് മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു.
ചീഫ് വിപ്പ് സ്ഥാനം കാണിച്ചു തന്നെ ഭീഷണിപ്പെടുത്തരുതെന്നും മുന്നണി നേതൃത്വം ആവശ്യപ്പെട്ടാല്‍ സ്ഥാനം രാജിവെക്കാമെന്നും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ തനിക്കെതിരേ പരസ്യമായി രംഗത്തെത്തിയ മാണിയെ രൂക്ഷമായ ഭാഷയില്‍ പി സി ജോര്‍ജ് പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തു.
82 വയസ്സ് കഴിഞ്ഞ മാണി പ്രാര്‍ഥനയുമായി കഴിയണമെന്നും വലിയ നോമ്പ് കാലത്ത് വഴക്ക് പാടില്ലെന്നുമായിരുന്നു ജോര്‍ജിന്റെ പരിഹാസം. വിശുദ്ധ നാളുകളില്‍ ഇതില്‍ കൂടുതലൊന്നും പറയാനില്ലെന്നും ദുഃഖ വെള്ളിയാഴ്ച കഴിയട്ടെ, എല്ലാം പറയാമെന്നും ജോര്‍ജ് പറഞ്ഞു. യു ഡി എഫിനെതിരെ താന്‍ പറഞ്ഞതെല്ലാം മാണിയുടെ അറിവോടെയായിരുന്നു. പല കാര്യങ്ങളും പറഞ്ഞപ്പോള്‍ മാണി തന്നെ അഭിനന്ദിച്ചിട്ടുണ്ടെന്നും ജോര്‍ജ് വെളിപ്പെടുത്തി.
അതേസമയം, കെ എം മാണി- പി സി ജോര്‍ജ് പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ പൂര്‍ണപിന്തുണയുണ്ടാവുമെന്നും കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി.