Connect with us

Kerala

അനധികൃത കോഴ്‌സ്: പട്ടിക വര്‍ഗ വിദ്യാര്‍ഥികളെ കബളിപ്പിച്ച ഉദ്യോഗസ്ഥര്‍ രണ്ടര ലക്ഷം നഷ്ടം നല്‍കാന്‍ വിധി

Published

|

Last Updated

തൊടുപുഴ: ഇല്ലാത്ത അംഗീകാരം ഉണ്ടെന്ന് കാണിച്ച് പ്രോസ്‌പെക്ടസ് പരസ്യപ്പെടുത്തി പട്ടിക വര്‍ഗ വിദ്യാര്‍ഥികളെ കബളിപ്പിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രണ്ടര ലക്ഷം രൂപയും കോടതി ചെലവും നഷ്ടം നല്‍കാന്‍ തൊടുപുഴ സബ് കോടതി വിധിച്ചു.
നാടുകാണിക്കടുത്ത് പുത്തേടം പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വ്യവസായ പരിശീലന കേന്ദ്രം നടത്തുന്ന രണ്ട് വര്‍ഷത്തെ ഇന്‍ഡ്‌സട്രിയല്‍ ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ 2006ല്‍ പഠിക്കാന്‍ ചേര്‍ന്ന പൂച്ചപ്ര ഓലിയറയ്ക്കല്‍ വീട്ടില്‍ ഭാസ്‌കരന്റെ മകന്‍ ശ്രീലേഷിനും പതിപ്പള്ളി ഇഞ്ചപ്ലാക്കല്‍ ബിബിന്‍ ഗോപിക്കും ഒന്നേകാല്‍ ലക്ഷം രൂപ വീതം നഷ്ടപരിഹാരവും കോടതി ചെലവും നല്‍കാനാണ് വിധി.
ശ്രീലേഷും വിപിന്‍ ഗോപിയും ഉള്‍പ്പെടെ 19 പട്ടികവര്‍ഗ വിദ്യാര്‍ഥികളാണ് 2006 ജൂണ്‍ മാസത്തില്‍ കോഴ്‌സിന് ചേര്‍ന്നത്. ഐ.ടി.സി കോഴ്‌സിലേക്ക് വിദ്യാര്‍ഥികളെ ക്ഷണിച്ചുകൊണ്ട് പുറപ്പെടുവിച്ച പ്രോസ്‌പെക്ടസില്‍ കോഴ്‌സിന് എന്‍.സി.വി.ടി.യുടെ ദേശീയ അംഗീകാരമുണ്ടെന്നാണ് പരസ്യം ചെയ്തിരുന്നത്. രണ്ട് വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ 19 വിദ്യാര്‍ഥികള്‍ക്കും കോഴ്‌സിന് അംഗീകാരം ലഭിക്കാത്തതിനാല്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷനല്‍ ട്രെയിനിങ് നടത്തുന്ന പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. അംഗീകാരം നല്‍കുന്നതിനുള്ള പരിശോധനാസമിതി മൂന്ന് മാസത്തിനകം പരിശീലകനെ നിയമിക്കണമെന്നും ചില യന്ത്രസാമഗ്രികള്‍ സ്ഥാപനത്തിന് ലഭ്യമാക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നത് പാലിക്കാതെ പോയതുകൊണ്ടാണ് എന്‍.സി.വി.ടി അംഗീകാരം ലഭിക്കാതെ പോയത്.
പരീക്ഷയെഴുതാന്‍ കഴിയാതെപോയ 19 പേരില്‍ ബിബിന്‍ ഗോപിയും ശ്രീലേഷും വാദികളായി തൊടുപുഴ സബ് കോടതിയില്‍ നഷ്ടപരിഹാാരം ആവശ്യപ്പെട്ട് അഭിഭാഷകരായ സി. കെ വിദ്യാസാഗര്‍, എം. ഹല്ലാജ്, ലൈഷ സുഹാസ് എന്നിവര്‍ മുഖാന്തിരം ബോധിപ്പിച്ച കേസിലാണ് കോടതിവിധി. നഷ്ടപരിഹാര സംഖ്യ തെറ്റായ പ്രോസ്‌പെക്ടസ് പ്രസിദ്ധപ്പെടുത്തിയ 2006 കാലത്തെ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍, ജില്ലാ വ്യവസായ പരിശീലന കേന്ദ്രം പ്രോജക്ട് ഓഫീസര്‍, പുത്തേടം പരീശീലനകേന്ദ്രത്തിലെ ട്രെയിനിങ് സുപ്രണ്ട് എന്നിവരില്‍നിന്ന് വ്യക്തിപരമായി ഈടാക്കാനാണ് കോടതി ഉത്തരവ്. വാദികള്‍ക്ക് സംഖ്യ സര്‍ക്കാരില്‍നിന്ന് ഈടാക്കാന്‍ ഉത്തരവില്‍ അനുവാദമുണ്ട്.

Latest