അപകടക്കേസ്: വണ്ടിയോടിച്ചത് താനല്ലെന്ന് സല്‍മാന്‍ ഖാന്‍

Posted on: March 28, 2015 5:49 am | Last updated: March 27, 2015 at 11:49 pm
SHARE

ന്യൂഡല്‍ഹി: താന്‍ ഓടിച്ച കാറിടിച്ച് വഴിയില്‍ ഉറങ്ങിക്കടക്കുകയായിരുന്നയാള്‍ മരിച്ച കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ വിചാരണാ കോടതിയില്‍ ഹാജരായി. കേസ് കെട്ടിച്ചമച്ചതാണെന്നും വണ്ടിയോടിച്ചത് താനായിരുന്നില്ലെന്നും മദ്യലഹരിയിലായിരുന്നില്ലെന്നും നടന്‍ കോടതിയില്‍ പറഞ്ഞു.
സംഭവം നടക്കുന്നതിന് തൊട്ട് മുമ്പ് മദ്യപിച്ചിരുന്നുവെന്നത് പ്രോസിക്യൂഷന്റെ തെറ്റായ നിഗമനമാണ്. ഡ്രൈവര്‍ അശോക് സിംഗ് ആണ് വണ്ടിയോടിച്ചിരുന്നത്- ജഡ്ജി ഡി ഡബ്ല്യൂ ദേശ്പാണ്ഡെയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കേസില്‍ സി ആര്‍ പി സി 313 പ്രകാരം മൊഴി രേഖപ്പെടുത്താന്‍ കോടതി സല്‍മാന്‍ ഖാന് സമന്‍സ് അയക്കുകയായിരുന്നു. 418 ചോദ്യങ്ങളാണ് ജഡ്ജി അദ്ദേഹത്തോട് ചോദിച്ചത്. 2002 സെപ്തംബര്‍ 28ന് പുലര്‍ച്ചെ ബാന്ദ്രയിയില്‍ ഫുട്പാത്തില്‍ ഉറങ്ങുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. സല്‍മാന്‍ ഖാനാണ് കാര്‍ ഓടിച്ചതെന്നും മദ്യലഹരിയിലായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു. തനിക്ക് തന്നെ പൂര്‍ണ വിശ്വാസമാണ്. തെളിവുകളെല്ലാം വ്യാജമാണ്. ബാറില്‍ കയറിയെന്നത് ശരിയാണ്. എന്നാല്‍ ഒരു ഗ്ലാസ് വെള്ളമാണ് കുടിച്ചതെന്ന് ചോദ്യത്തിന് മറുപടിയായി സല്‍മാന്‍ ഖാന്‍ പറഞ്ഞു. തന്റെ രക്തം പരിശോധിച്ച ബാസ ശങ്കര്‍ ഒരു വിദഗ്ധനല്ല. രക്തത്തില്‍ 62 ശതമാനം ആല്‍ക്കഹോള്‍ കണ്ടുവെന്നാണ് അദ്ദേഹം റിപ്പോര്‍ട്ട് നല്‍കിയത്. ഇത് തെറ്റാണ്. രാസപരിശോധന നടത്തിയ വിദഗ്ധന്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും സല്‍മാന്‍ ആരോപിച്ചു.