Connect with us

National

കാലിത്തീറ്റ കുംഭകോണം: ജഗന്നാഥ മിശ്രയെ ജയിലിലടച്ചു

Published

|

Last Updated

റാഞ്ചി: കോടികളുടെ കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ബീഹാറിലെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജഗന്നാഥ മിശ്രയെ ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലിലടച്ചു. ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം അദ്ദേഹം കഴിഞ്ഞ ദിവസം പ്രത്യേക സി ബി ഐ കോടതി മുമ്പാകെ കീഴടങ്ങുകയായിരുന്നു.
വിവിധ രോഗങ്ങള്‍ അലട്ടുന്ന മിശ്രയെ പിന്നീട് മികച്ച പരിചരണത്തിനായി രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റി. മിശ്രക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കണമെന്ന് കോടതി ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2013 ഒക്‌ടോബറിലാണ് മിശ്രയെ കോടതി ശിക്ഷിച്ചത്. മൂന്ന് ആഴ്ചക്ക് ശേഷം അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളുടെയും ഗൂഢാലോചന നടന്നത് ഈ കേസുമായി ബന്ധപ്പെട്ടായതിനാല്‍ ആര്‍ സി 20 എ/96 കേസിനെ കാലിത്തീറ്റ കുംഭകോണങ്ങളുടെ മാതാവ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
പ്രത്യേക സി ബി ഐ കോടതിയുടെ ശിക്ഷക്കെതിരെ മിശ്ര ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ജാമ്യം സ്ഥിരപ്പെടുത്തിക്കിട്ടാന്‍ മിശ്രയുടെ അഭിഭാഷകന്‍ രാകേഷ് ഝാ കോടതിയെ സമീപിച്ചപ്പോള്‍ ജസ്റ്റിസ് ഡി എന്‍ ഉപാധ്യായ മിശ്രയോട് കോടതിയില്‍ കീഴടങ്ങാന്‍ ഉത്തരവിടുകയായിരുന്നു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് മിശ്രക്കെതിരെ എടുത്ത കേസുകളില്‍ ഇതൊഴികെ മറ്റെല്ലാം ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍, തന്നെ ശിക്ഷിച്ച കേസ് നിലനില്‍ക്കില്ലെന്ന് കാണിച്ച് മിശ്ര ശിക്ഷക്കെതിരെ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഈ കേസില്‍ 2013 ഒക്‌ടോബറില്‍ ശിക്ഷിക്കപ്പെടുന്നതിന് ഏതാനും മാസം മുമ്പ് മിശ്രക്ക് മസ്തിഷ്‌ക ആഘാതം സംഭവിച്ചിരുന്നുവെന്ന് അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. കൂടാതെ പ്രമേഹം, ഹൃദ്രോഗം, മൂത്രസഞ്ചിയിലെ പഴുപ്പ്, രക്താര്‍ബുദം തുടങ്ങിയ രോഗങ്ങളും മിശ്രയെ അലട്ടുന്നുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.

Latest