സമ്പന്നര്‍ പാചക വാതക സബ്‌സിഡി ഉപേക്ഷിക്കണം: മോദി

Posted on: March 28, 2015 5:46 am | Last updated: March 27, 2015 at 11:46 pm
SHARE

ന്യൂഡല്‍ഹി: രാജ്യത്തെ സമ്പന്നരായ പാചകവാതക ഉപഭോക്താക്കള്‍ സബ്‌സിഡി ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താന്‍ മുമ്പ് സബ്‌സിഡി ഉപയോഗിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. 2.80 ലക്ഷം പേര്‍ ഇക്കാര്യം ഗൗരവമായി എടുക്കുകയും ചെയ്തിരുന്നു. ഇത് 100 കോടി രൂപ ലാഭിക്കുന്നതിലേക്ക് രാജ്യത്തെയെത്തിച്ചു. ഈ പണം പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ഉപയോഗിക്കാമെന്നും മോദി പറഞ്ഞു. ഊര്‍ജ സംഗമം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
2022ഓടെ ഇന്ധനം ഇറക്കുമതി ചെയ്യുന്നത് കുറച്ചു കൊണ്ടു വരും. അടുത്ത നാല് വര്‍ഷത്തിനിടെ 27 ലക്ഷത്തില്‍ നിന്ന് ഒരു കോടിയിലേക്ക് പാചകവാതക ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാമെന്നാണ് എണ്ണക്കമ്പനികളുടെ പദ്ധതി. സര്‍ക്കാര്‍ പാചക വാതക ഉപഭോക്താക്കള്‍ക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി ബി ടി) എന്ന പേരില്‍ പുതിയ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പലരും സബ്‌സിഡി ആനുകൂല്യം ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു. ജന്‍ധന്‍ പദ്ധതിയിലൂടെ 12 കോടി ബേങ്ക് അക്കൗണ്ടുകള്‍ തുടങ്ങാന്‍ സാധിച്ചിട്ടുണ്ട്. ഇതോടെ ഉപഭോക്താക്കള്‍ക്ക് ആനുകൂല്യം നേരിട്ട് കൈപ്പറ്റാന്‍ സാധിച്ചു. ഇപ്പോള്‍ ഊര്‍ജത്തിന്റെ 77 ശതമാനവും ഇറക്കുമതി ചെയ്താണ് ഉപയോഗിക്കുന്നത്. 2022ല്‍ ഇന്ത്യ 75ാം സ്വാതന്ത്യ ദിനം ആഘോഷിക്കുമ്പോള്‍ 10 ശതമാനം കുറക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മോദി പറഞ്ഞു.