ചുട്ട മറുപടിയുമായി കെജ്‌രിവാള്‍ ക്യാമ്പ്‌

Posted on: March 28, 2015 5:45 am | Last updated: March 27, 2015 at 11:45 pm
SHARE

ന്യൂഡല്‍ഹി: യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ മറുപടിയുമായി എ എ പിയിലെ കെജ്‌രിവാളിന്റെ ക്യാമ്പ് രംഗത്തെത്തി. കെജ്‌രിവാളും തങ്ങളെ പോലെയുള്ളവരും തെറ്റുകാരാണെന്ന് ചിത്രീകരിക്കുകയാണ് പ്രശാന്തും യോഗേന്ദ്രയും നടത്തിയതെന്ന് ഇത് അംഗീകരിക്കുന്നില്ലെന്നും എ എ പി നേതാവ് സഞ്ജയ് സിംഗ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ട്ടി തീരുമാനങ്ങള്‍ വൊളണ്ടിയര്‍മാര്‍ അംഗീകരിക്കണമെന്നും വിവരാവകാശ നിയമത്തിന് കീഴില്‍ വരണമെന്നുമാണ് അവരുടെ ആവശ്യം. ഇത് അംഗീകരിച്ചിട്ടുണ്ട്. പ്രശാന്ത് ഭൂഷണ്‍ ഉന്നയിച്ച അഞ്ച് കാര്യങ്ങളില്‍ ചിലത് രാഷ്ട്രീയകാര്യ സമിതി (പി എ സി) അംഗീകരിച്ചിട്ടുണ്ട്. മറ്റുള്ളവയെ സംബന്ധിച്ച് ചര്‍ച്ച നടക്കുകയാണ്. ആപ് കുടുംബത്തെ സംരക്ഷിക്കാനാണ് പരമാവധി ശ്രമം. തങ്ങള്‍ ഉന്നയിച്ച ഒരു കാര്യവും കെജ്‌രിവാള്‍ അംഗീകരിക്കുന്നില്ലെന്ന തോന്നല്‍ ഉണ്ടാക്കാനാണ് ഭൂഷന്റെയും യാദവിന്റെയും ശ്രമം. എ എ പി പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും ഇടയില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ ഇരുവരോടും അഭ്യര്‍ഥിക്കുകയാണ്. സഞ്ജയ് സിംഗ് പറഞ്ഞു.
ദേശീയ നിര്‍വാഹക സമിതി യോഗത്തിലെ തീരുമാനങ്ങള്‍ രഹസ്യ വോട്ടെടുപ്പിലൂടെ നടത്തണമെന്ന് യോഗേന്ദ്ര ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്ക് ഇഷ്ടത്തിനനുസരിച്ച ആള്‍ക്കാരെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയും അദ്ദേഹം പട്ടിക തരികയും ചെയ്തിട്ടുണ്ട്. സഞ്ജയ് സിംഗ് പറഞ്ഞു.