കെജ്‌രിവാളിനെതിരെ കടന്നാക്രമിച്ച് പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും

Posted on: March 28, 2015 6:00 am | Last updated: March 27, 2015 at 11:44 pm
SHARE

339938-27-3-2015-d-gh9-oന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയിലെ പോര് കൂടുതല്‍ രൂക്ഷമാക്കി, ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ പരസ്യമായി കടന്നാക്രമിച്ച് പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അടിച്ചമര്‍ത്തുകയും അധികാരം കൈയടക്കാന്‍ അസാധാരണ വഴികള്‍ സ്വീകരിക്കുകയുമാണ് കെജ്‌രിവാളെന്ന് ഇരുവരും പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഭൂഷന്റെയും യോഗേന്ദ്രയുടെയും വിഷയങ്ങളടക്കം നിരവധി ചര്‍ച്ചകള്‍ നടക്കുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ തലേദിവസമാണ് ഇത്.
തങ്ങള്‍ ഉന്നയിക്കുന്ന ഏത് വിഷയത്തെയും കെജ്‌രിവാളിന്റെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നതായും കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങളായും ചിത്രീകരിക്കുകയാണ്. എല്ലാ എം എല്‍ എമാരെയും ഒപ്പം ചേര്‍ത്ത് പ്രാദേശിക പാര്‍ട്ടി രൂപവത്കരിക്കുമെന്നും തങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിക്ക് ജന്മം നല്‍കിയ പ്രക്ഷോഭത്തിന്റെ ആത്മാവിനെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് തങ്ങള്‍. ഇതൊരു സാധാരണ പാര്‍ട്ടിയല്ല. നിലവിലെ വ്യവസ്ഥിതി ശുദ്ധീകരിക്കാനും അഴിമതി അവസാനിപ്പിക്കാനും സാധാരണക്കാരുടെ അധികാരലബ്ധിക്കും ജന്മം കൊണ്ടതാണിത്. പാര്‍ട്ടിയില്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ കാര്യങ്ങള്‍ ഏറെ അതൃപ്തിയുണ്ടാക്കുന്നതാണ്. ഭൂഷണും യോഗേന്ദ്രയും പറഞ്ഞു.
ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും സുതാര്യതയും ചര്‍ച്ച ചെയ്യപ്പെടുകയെങ്കിലുമുള്ള ഏക പാര്‍ട്ടിയാണ് എ എ പി. സ്വരാജ് ഉദ്‌ഘോഷിക്കുന്ന പാര്‍ട്ടിയില്‍ സ്വരാജില്ലെങ്കിലോ? പാര്‍ട്ടിയിലെ ലോക്പാല്‍, കുതിരക്കച്ചവട ആരോപണം, ഡല്‍ഹി നിയമമന്ത്രിയുടെ വ്യാജ ഡിഗ്രി, ലോക്കല്‍ പാര്‍ട്ടി കമ്മിറ്റികളുടെ സ്വാതന്ത്ര്യം തുടങ്ങി തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിക്കുകയെങ്കിലും വേണം. മറ്റൊരു പ്രാദേശിക പാര്‍ട്ടിയായി എ എ പി ഒടുങ്ങുമോ? അല്ലെങ്കില്‍ ദേശീയ മോഹങ്ങള്‍ പൂവണിയുമോ? മറ്റ് പാര്‍ട്ടികളോട് ഉപദേശിക്കുന്ന സുതാര്യത എ എ പി പിന്തുടരുമോ? അതല്ല കോണ്‍ഗ്രസിനെയും ബി ജെ പിയെയും പോലെ ഒടുങ്ങുമോ? കെജ്‌രിവാളിന്റെ വിശ്വസ്തര്‍ തന്നോട് നിരന്തരം രാജി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യോഗേന്ദ്ര പറഞ്ഞു. പ്രശ്‌നം പരിഹരിക്കണമെന്ന് പതിനൊന്ന് ദിവസം മുമ്പ് കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തിന് ഇതുവരെ സമയമുണ്ടായിട്ടില്ലെന്ന് ഭൂഷണ്‍ ആരോപിച്ചു.
66 എം എല്‍ എമാരെ കൂട്ടി പാര്‍ട്ടി പിളര്‍ത്തുകയായിരുന്നു കെജ്‌രിവാളിന്റെ ലക്ഷ്യം. തന്റെ മേധാവിത്വം ചോദ്യം ചെയ്യുന്ന ഒരു സംഘടനയുടെയും ഭാഗമാകില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞിട്ടുണ്ട്. തങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചുവെന്നത് ശുദ്ധനുണയാണ്. കെജ്‌രിവാള്‍ ദേശീയ കണ്‍വീനര്‍ സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടിട്ടില്ല. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചെന്നതും നുണയാണ്. ദേശീയ നിര്‍വാഹക സമിതി യോഗം വീഡിയോയില്‍ ചിത്രീകരിക്കണമെന്നും ഭൂഷണും യോഗേന്ദ്രയും ആവശ്യപ്പെട്ടു.