Connect with us

Kerala

യു എ ഇയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളിയുടെ മോചനത്തിന് സര്‍ക്കാറുകള്‍ ഇടപെടണമെന്ന ആവശ്യവുമായി ബന്ധുക്കള്‍

Published

|

Last Updated

കോഴിക്കോട്: യു എ ഇയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളിയുടെ അപ്പീലില്‍ തിങ്കളാഴ്ച അന്തിമവിധി പറയാനിരിക്കെ, പ്രശ്‌നത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്ത്. പീഡന കുറ്റം ആരോപിച്ച് കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലില്‍ കഴിഞ്ഞ് വരുന്ന മലപ്പുറം തിരൂര്‍ സ്വദേശി ഇ കെ ഗംഗാധര (56) ന്റെ മോചനത്തിനാണ് നാട്ടുകാര്‍ സേവ് ഇ കെ ഗംഗാധരന്‍ ഫോറം രൂപവത്കരിച്ച സര്‍ക്കാറുകള്‍ മുമ്പില്‍ എത്തിയിരിക്കുന്നത്.
നിരപരാധിയായ ഗംഗാധരനെ മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്ന് ഭാര്യ ലീല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 32 വര്‍ഷമായി അബുദാബിയിലെ അല്‍ റബീഹ് പ്രൈവറ്റ് സ്‌കൂളില്‍ സ്‌കൂള്‍ ബോയി ആയി ജോലി ചെയ്യുന്നതിനിടെ 2013 ല്‍ ഏഴ് വയസ്സായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് സഹജീവനക്കാരൊടൊപ്പം ഗംഗാധരന്‍ അറസ്റ്റിലായത്. എന്നാല്‍, മറ്റ് അഞ്ച് പേരെയും ഒഴിവാക്കി ഗംഗാധരനില്‍ കുറ്റം ആരോപിച്ച് ജയിലിലടക്കപ്പെടുകയായിരുന്നു. ജയിലിലെ ക്രൂരമായ പീഡനത്തെ തുടര്‍ന്നാണ് അദ്ദേഹം കുറ്റം സമ്മതിച്ചതെന്ന് ഭാര്യ പറഞ്ഞു. പണം തന്നാല്‍ കേസ് പിന്‍വലിക്കാമെന്ന് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ പറഞതായും ഇവര്‍ ആരോപിച്ചു. ഗംഗാധരനില്‍ നിന്നും കുട്ടിയില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് ഡി എന്‍ എ, ഫോറന്‍സിക് തുടങ്ങിയ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കിയെങ്കിലും അബുദാബി നിയമവകുപ്പിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫോറന്‍സിക് മെഡിസിനിന് കുറ്റകൃത്യം തെളിയിക്കാന്‍ ഒരു തെളിവും ലഭിച്ചില്ല. ശാസ്ത്രീയ തെളിവുകളൊന്നും പരിശോധിക്കാതെയാണ് കീഴ്‌കോടതി ഗംഗാധരന് വധശിക്ഷ വിധിച്ചത്. ഇതിനെതിരെ മേല്‍ക്കോടതിയെ സമീപിച്ചപ്പോള്‍ പുനര്‍ വിചാരണക്ക് കീഴ്‌കോടതിക്ക്് നിര്‍ദേശം നല്‍കുകയാണുണ്ടായത്. വിദ്യാര്‍ഥിനി നിരവധി തവണ പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ കുറ്റകൃത്യം നടന്നെന്ന് പറയുന്ന സ്ഥലവും സമയവും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സാന്നിധ്യമുള്ള സ്ഥലങ്ങളാണ്. സ്‌കൂള്‍ ഫീസുമായി ബന്ധപ്പെട്ട് പീഡനത്തിനിരയായ കുട്ടിയുടെ വീട്ടുകാരും സ്‌കൂള്‍ മാനേജ്‌മെന്റും തര്‍ക്കത്തിലായിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെയുള്ള പ്രതികാര നടപടിയെന്നോണമാണ് ഇങ്ങനെയൊരു കേസെന്ന് ഫോറം ഭാരവാഹികള്‍ ആരോപിച്ചു. ഗംഗാധരന്റെ നിരപാരധിത്വം അറിയുന്ന സ്‌കൂള്‍ മാനേജ്‌മെന്റ് തനിക്കും കുട്ടികള്‍ക്കും ചെറിയ രീതില്‍ സാമ്പത്തിക സഹായം നല്‍കിയതായും ഭാര്യ പറഞ്ഞു.
പരമോന്നത കോടതിയില്‍ നല്‍കിയ അപ്പീലില്‍ വിധി വരാന്‍ മണിക്കഊറുകള്‍ മാത്രം ബാക്കിയിരിക്കെ കേന്ദ്ര സര്‍ക്കാറിന്റെ അടിയന്തിര ഇടപടെല്‍ ഉണ്ടായാല്‍ രക്ഷപ്പെടാന്‍ കഴിയുമെന്ന് ഇവര്‍ പറയുന്നു.

Latest