ഇമ്മിണി വലിയ മെല്‍ബണ്‍ !

Posted on: March 28, 2015 6:00 am | Last updated: March 27, 2015 at 11:31 pm
SHARE

209721മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് ഒരു മഹാസംഭവമാണ് ! അതിന്റെ ഒരറ്റത്ത് നിന്ന് മറ്റേയറ്റത്തേക്ക് എത്തിച്ചേരാന്‍ ഡേവിഡ് ബൂണ്‍ (മുന്‍ ആസ്‌ത്രേലിയന്‍ താരം) 52 ബിയറുകള്‍ കുടിക്കാനെടുക്കുന്ന സമയം വേണ്ടി വരും ! മെല്‍ബണ്‍ വലിയ ഗ്രൗണ്ടാണ്, ഇതിന്റെ ഫൈന്‍ ലെഗിനും തേര്‍ഡ് മാനിലും ഇടയിലാണ് അറ്റ്‌ലാന്റിസ് നഗരം ! ഇങ്ങനെ അതിശയോക്തി കലര്‍ന്ന ട്വീറ്റുകള്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം ആരാധകരുടേതാണ്. മുന്‍ ആസ്‌ത്രേലിയന്‍ ഓപണിംഗ് ബാറ്റ്‌സ്മാന്‍ മാത്യു ഹെയ്ഡനുള്ള പരിഹാസമാണിത്. മെല്‍ബണ്‍ വലിയ ഗ്രൗണ്ടായതിനാല്‍ ന്യൂസിലാന്‍ഡിന് ഫൈനലില്‍ കാലിടറുമെന്നായിരുന്നു ഹെയ്ഡന്റെ ട്വീറ്റ്.
ന്യൂസിലാന്‍ഡിന് അവരുടെ നാട്ടിലെ ചെറിയ ഗ്രൗണ്ടുകളില്‍ നേടിയെടുത്ത വിജയങ്ങളുമായാണ് ഫൈനലിലെത്തിയത്. ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ ഫൈനല്‍ കളിക്കാനുള്ള തയ്യാറെടുപ്പ് കിവീസ് ഇനിയും നടത്തേണ്ടിയിരിക്കുന്നുവെന്ന് ഹെയ്ഡന്‍ നിരീക്ഷിച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ സെമിയില്‍ ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍മാരുടെ പല കൂറ്റനടികളും മെല്‍ബണിലായിരുന്നെങ്കില്‍ പാതിവഴിയില്‍ ക്യാച്ചാകുമായിരുന്നു. മെല്‍ബണില്‍ ഒരു മത്സരത്തില്‍ അഞ്ചില്‍ താഴെ സിക്‌സര്‍ എന്നതാണ് ശരാശരി. അതേ സമയം, ന്യൂസിലാന്‍ഡിലെ ഓക്‌ലാന്‍ഡ് ഈഡന്‍പാര്‍ക്കില്‍ ക്വാര്‍ട്ടറില്‍ പിറന്നത് മുപ്പത് സിക്‌സറുകളാണ്. ഈഡന്‍ പാര്‍ക്ക് ശരിക്കും ക്രിക്കറ്റ് ഗ്രൗണ്ടല്ല. ലോംഗ് ഓഫില്‍ നിന്ന് വെറുതെയെറിഞ്ഞാല്‍ പോലും എതിര്‍ഭാഗത്തെ ലോംഗ് ഓഫ് ബൗണ്ടറിയിലെത്തും- ഹെയ്ഡന്‍ പറഞ്ഞു.
ആസ്‌ത്രേലിയയുടെ മുന്‍ വെടിക്കെട്ട് വീരന്റെ വാക്കുകള്‍ പക്ഷേ തള്ളിക്കളയാനാകില്ല. ഈ ലോകകപ്പിലെ സിക്‌സറുകളുടെ റെക്കോര്‍ഡ് പരിശോധിച്ചാല്‍ വ്യക്തത ലഭിക്കും. കിവീസ് ക്യാപ്റ്റന്‍ ബ്രെണ്ടന്‍ മെക്കല്ലം ഇതുവരെ നേടിയത് പതിനേഴ് സിക്‌സറുകളാണ്. ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍ പതിനഞ്ച് സിക്‌സറും നേടി. ഇതില്‍ രണ്ടെണ്ണം ഈ ലോകകപ്പിലെ ഏറ്റവും വലിയ സിക്‌സറുകളാണ്.
ഇങ്ങനെ കണക്കുകള്‍ ഹെയ്ഡന്റെ ട്വീറ്റിനെ ന്യായീകരിക്കുന്നുണ്ടെങ്കിലും ന്യൂസിലാന്‍ഡുകാരുടെ ട്വീറ്റാക്രമണത്തിന് ഒരു കുറവുമില്ല. അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒടുവിലായി വന്ന കമെന്റ് ഇങ്ങനെയാണ് : മെല്‍ബണ്‍ ഭയങ്കര വലിയ ഗ്രൗണ്ടാണ്, അവിടെ ഫഌഡ്‌ലൈറ്റുകള്‍ പറ്റില്ല. മറ്റൊരു ഗാലക്‌സിയിലെ ഭീമാകാരമായ സൂര്യനാണ് പ്രകാശം ചൊരിയുന്നത് !!!
ടിം സൗത്തി ആവേശത്തില്‍
ലോകകപ്പ് ഫൈനലില്‍ ആസ്‌ത്രേലിയയെ നേരിടുക എന്നത് ആവേശകരമാണെന്ന് ന്യൂസിലാന്‍ഡ് പേസര്‍ ടിം സൗത്തി. ആസ്‌ത്രേലിയ ക്രിക്കറ്റില്‍ വലിയ മേല്‍വിലാസമുള്ളവരാണ്. കഴിഞ്ഞ കുറച്ച് കാലമായി തന്റെ ടീമും മികച്ച നിലവാരത്തിലുള്ള ക്രിക്കറ്റ് കളിക്കുന്നു. ആസ്‌ത്രേലിയയെ പോലൊരു നിരയെ നേരിടാന്‍ പോന്ന കരുത്താര്‍ജിച്ചു കഴിഞ്ഞു കിവീസെന്നും സൗത്തി ആത്മവിശ്വാസംപ്രകടിപ്പിച്ചു.
ലോകകപ്പില്‍ തുടരെ എട്ട് വിജയങ്ങളുമായാണ് ന്യൂസിലാന്‍ഡ് ഫൈനലിലെത്തിയത്. ഇതില്‍ ടിം സൗത്തിയെന്ന പേസറുടെ റോള്‍ നിര്‍ണായകമായിരുന്നു. മികച്ച ആള്‍ റൗണ്ടര്‍മാരും പേസര്‍മാരുമാണ് ന്യൂസിലാന്‍ഡിന്റെ കരുത്ത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇവര്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒരു വിക്കറ്റിന് കിവീസ് ജയിച്ചിരുന്നു. ബൗളര്‍മാര്‍ തകര്‍ത്താടിയ മത്സരമായിരുന്നു അത്.
ആസ്‌ത്രേലിയയുടെ അഞ്ചാം ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് വെല്ലുവിളിയാണ് ടിം സൗത്തി നയിക്കുന്ന കിവീസ് പേസ് നിര. 1989, 1999, 2003, 2011 വര്‍ഷങ്ങളിലായിരുന്നു ആസ്‌ത്രേലിയ ലോകചാമ്പ്യന്‍മാരായത്.
ഹാസല്‍വുഡ് കളിക്കുമെന്ന് ഓസീസ്
മെല്‍ബണ്‍: മിച്ചല്‍ സ്റ്റാര്‍ചും മിച്ചല്‍ ജോണ്‍സനും നേതൃത്വം നല്‍കുന്ന ആസ്‌ത്രേലിയന്‍ പേസ് നിരയിലെ വജ്രായുധമാണ് ജോഷ് ഹാസല്‍വുഡ്. ഫൈനലില്‍ ഹാസല്‍വുഡ് കളിക്കുമോ എന്നത് സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നു. ഇന്ത്യക്കെതിരെ സെമിഫൈനലില്‍ ഇടക്ക് വെച്ച് ഹാസല്‍വുഡ് കളം വിട്ടിരുന്നു. വിരലിന് പരുക്കേറ്റ ഹാസല്‍വുഡ് ഫൈനലിന് മുന്നോടിയായി ഫിറ്റ്‌നെസ് വീണ്ടെടുക്കുമെന്നാണ് ആസ്‌ത്രേലിയന്‍ ടീം വൃത്തങ്ങളുടെ ശുഭാപ്തിവിശ്വാസം. ക്വാര്‍ട്ടര്‍ ഫൈനലില്‍ പാക്കിസ്ഥാനെതിരെയായിരുന്നു ഹാസല്‍വുഡ് മികവറിയിച്ചത്. 35 റണ്‍സിന് നാല് വിക്കറ്റെടുത്ത ഇരുപത്തഞ്ചുകാരന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ വിശ്വസ്തനായി. ഇതേത്തുടര്‍ന്നാണ് സെമിഫൈനലിലും ഓസീസ് ക്വാര്‍ട്ടറിലെ ടീമിനെ നിലനിര്‍ത്തിയത്.
ധര്‍മസേന-കെറ്റല്‍ബറോ ഫൈനല്‍ നിയന്ത്രിക്കും
മെല്‍ബണ്‍: ആസ്‌ത്രേലിയ-ന്യൂസിലാന്‍ഡ് ഫൈനലിനുള്ള മാച്ച് റഫറിയായി ശ്രീലങ്കയുടെ രഞ്ജന്‍ മദുഗലെയെ നിയോഗിച്ചു. ദക്ഷിണാഫ്രിക്കയുടെ മറെയ്‌സ് എറാസ്മസ് ടെലിവിഷന്‍ അമ്പയറും ശ്രീലങ്കയുടെ കുമാര്‍ ധര്‍മസേന ഇംഗ്ലണ്ടിന്റെ റിചാര്‍ഡ് കെറ്റല്‍ബറോ എന്നിവര്‍ ഫീല്‍ഡിലും മത്സരം നിയന്ത്രിക്കും. സിഡ്‌നിയില്‍ ഇന്ത്യക്കെതിരെ ആസ്‌ത്രേലിയ ജയിച്ച മത്സരത്തിലും ധര്‍മസേനയും കെറ്റല്‍ബറോയുമായിരുന്നു ഫീല്‍ഡ് അമ്പയര്‍മാര്‍. ഇംഗ്ലണ്ടിന്റെ ഇയാന്‍ ഗൗള്‍ഡ് റിസര്‍വ് അമ്പയറാണ്.