ഫോറസ്റ്റ് ഗാര്‍ഡിനെ വെടിവെച്ചു കൊന്ന കേസ്: വിധി പറയുന്നത് 31 ലേക്ക് മാറ്റി

Posted on: March 28, 2015 5:26 am | Last updated: March 29, 2015 at 10:21 am
SHARE

കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴക്കടുത്ത് കൊളമല വനമേഖലയില്‍ വെച്ച് ഫോറസ്റ്റ് ഗാര്‍ഡിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പുതുപ്പാടി കൂട്ടാല വീട്ടില്‍ കെ കെ മമ്മദ് (74)നെതിരായ ശിക്ഷാവിധി കോടതി മാറ്റിവെച്ചു. കഴിഞ്ഞ ദിവസം മമ്മദ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോഴിക്കോട് അഡീഷനല്‍ ആന്‍ഡ് സെഷന്‍സ് കോടതി (അഞ്ച്) ജഡ്ജി എം ജി പത്മിനിയാണ് ശിക്ഷ വിധിക്കുന്നത് ഈ മാസം 31ലേക്ക് മാറ്റിയത്. കേസില്‍ ഇന്നലെ വിധി പറയുമെന്നായിരുന്നു അറിയിച്ചിരുന്നത്. അഞ്ച് വര്‍ഷം മുമ്പ് കൊളമല വനത്തില്‍ വെച്ച് താമരശ്ശേരി റെയ്ഞ്ചില്‍പെട്ട പുതുപ്പാടി സെക്ഷനിലെ ഫോറസ്റ്റ് ഗാര്‍ഡ് പുന്നശ്ശേരി കുട്ടമ്പൂര്‍ പാറയില്‍ വീട്ടില്‍ പി ദേവദാസ് (40) നെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിക്കുന്നത് മാറ്റിവെച്ചത്.
2010 മാര്‍ച്ച് 25 ന് പുലര്‍ച്ചെ ഒരു മണിക്കാണ് കേസിനാസ്പദമായ സംഭവം. കൊളമല വനത്തില്‍ മമ്മദ് നായാട്ടിനെത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം കെ രാജീവ്കുമാറിനൊപ്പം കാട്ടില്‍ പരിശോധന നടത്തുകയായിരുന്നു ദേവദാസ്.
തോക്ക് സഹിതം രാജീവ് കുമാറിന്റെയും ദേവദാസിന്റെയും മുമ്പില്‍പെട്ട മമ്മദ് പിടിക്കപ്പെടും എന്നുറപ്പായതോടെ രക്ഷപ്പെടാന്‍ വേണ്ടി ദേവദാസിന് നേരെ വെടിവെക്കുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.