Connect with us

Kerala

ജനതാദള്‍ യു നേതാവിന്റെ കൊല: ഒമ്പത് ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published

|

Last Updated

അന്തിക്കാട്: ജനതാദള്‍ (യു) നാട്ടിക മണ്ഡലം പ്രസിഡന്റ് പി ജി ദീപകിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒമ്പത് ബി ജെ പിക്കാര്‍ അറസ്റ്റില്‍. കൊലപാതകം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ചു പേരെ മണ്ണുത്തി പോലീസ് സ്റ്റേഷന് സമീപത്തു നിന്നും ഒരാളെ ആലപ്പാട് പുള്ളില്‍ നിന്നും മറ്റൊരാളെ കാട്ടൂരില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പെരിങ്ങോട്ടുകര മരോട്ടിക്കല്‍ ഋഷികേശ് ( 24), മുറ്റിച്ചൂര്‍ കൂട്ടാലെ നിജിന്‍ (കുഞ്ഞാപ്പു, 19), കണ്ടശ്ശാംകടവ് കൊച്ചത്ത് വീട്ടില്‍ പ്രശാന്ത് ( കൊച്ചു, 25) കോട്ടപ്പടി ബ്ലാക്കല്‍ വീട്ടില്‍ രശാന്ത് ( കണ്ണന്‍, 23) പെരിങ്ങോട്ടുകര വാലംപറമ്പില്‍ ബ്രഷ്‌നോബ്(23), പെരിങ്ങോട്ടുകര തറയില്‍ ശിവദാസന്‍ (43), പെരിങ്ങോട്ടുകര മാമ്പുള്ളി രാകേഷ് (36), ആലപ്പാട് പുള്ള് കുരുതുകളങ്ങര ബൈജു (21), കാട്ടൂര്‍ വീയ്യത്ത് വീട്ടില്‍ സരസന്‍ (43) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഋഷികേശ്, നിജിന്‍, പ്രശാന്ത്, രശാന്ത്, ബ്രഷ്‌നോബ് എന്നിവരെയാണ് മണ്ണുത്തി പോലീസ് സ്റ്റേഷന് സമീപത്തു നിന്നും അറസ്റ്റ് ചെയ്തത്. അതിരപ്പിള്ളിയില്‍ നിന്നു തമിഴ്‌നാട്ടിലേക്കു പ്രതികള്‍ രക്ഷപ്പെടാന്‍ പോകുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. ബൈജുവിനെ ആലപ്പാട് പുള്ളില്‍ നിന്നും സരസനെ കാട്ടൂരില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ബി ജെ പിയില്‍ നിന്ന് രാജിവെച്ച് മൂന്ന് വര്‍ഷം മുമ്പ് ദീപക് ജനതാദള്‍ യു വില്‍ ചേര്‍ന്നിരുന്നു. ഇതും പ്രതികളില്‍ ചിലര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലെ ബുദ്ധികേന്ദ്രം ദീപകാണെന്നതുമാണ് ആക്രമണത്തിനിടയാക്കിയത്. കഴിഞ്ഞ 23ന് രാത്രി എട്ടരക്ക് പഴുവില്‍ സെന്ററില്‍ കൂട്ടുകാരായ സജീവന്‍, സ്റ്റാലിന്‍ എന്നിവരുമായി സംസാരിച്ചു നില്‍ക്കുമ്പോഴായിരുന്നു അക്രമിസംഘം ദീപകിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ സുഹൃത്തുക്കളായ സജീവന്‍, സ്റ്റാലിന്‍ എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. അക്രമി സംഘം ഉപയോഗിച്ച ഓമ്‌നി വാന്‍ തൊട്ടടുത്ത ദിവസം തന്നെ പോലീസ് കണ്ടെത്തുകയും രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Latest