കേരള കോണ്‍ഗ്രസിലെ പൊട്ടിത്തെറി; ആകാംക്ഷയോടെ നേതാക്കളും അണികളും

Posted on: March 28, 2015 5:12 am | Last updated: March 27, 2015 at 11:13 pm
SHARE

കോട്ടയം: ബാര്‍ കോഴ വിവാദത്തില്‍ കത്തിപ്പടര്‍ന്ന വിവാദം കേരള കോണ്‍ഗ്രസിലെ ഉലയ്ക്കുമ്പോള്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്ന സന്ദേഹത്തിലാണ് പാര്‍ട്ടിക്കുള്ളിലെ വലിയ വിഭാഗം നേതാക്കളും അണികളും. കെ എം മാണിയും പി സി ജോര്‍ജും നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിന് കച്ചമുറുക്കിയതോടെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി ആസന്നമായെന്ന സൂചനകള്‍ ഏതാണ്ട് ഉറപ്പായി ക്കഴിഞ്ഞു. തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയ സാഹചര്യത്തില്‍ നേതാക്കള്‍ തമ്മിലുള്ള വിഴുപ്പലക്കലുകള്‍ ജനങ്ങള്‍ക്കിടയില്‍ അവതമതിപ്പ് ഉണ്ടാക്കിയെന്ന ആശങ്കയാണ് നേതാക്കള്‍ പങ്കുവെക്കുന്നത്. പൊതുജനമധ്യത്തില്‍ ഇത്രകണ്ട് കേരള കോണ്‍ഗ്രസ് പ്രതിരോധത്തിലായ കാലം ഇതുവരെയുണ്ടായിട്ടില്ലെന്നും ഇവര്‍ തുറന്ന് സമ്മതിക്കുന്നു. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും നീക്കണമെന്ന ഉറച്ച നിലപാട് കെ എം മാണി. മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടും ഉമ്മന്‍ ചാണ്ടി അടക്കമുള്ള യു ഡി എഫിലെ പ്രമുഖ നേതാക്കള്‍ ജോര്‍ജിനെ തള്ളാന്‍ മനസ്സു കാട്ടുന്നില്ല. ജോര്‍ജിനെ ഒഴിവാക്കി എട്ട് എം എല്‍ എമാരുടെ പിന്തുണ ഉറപ്പാക്കാന്‍ കെ എം മാണി ആദ്യഘട്ടം വിജയിച്ചെങ്കിലും പി ജെ ജോസഫിനെ കൊണ്ട് ജോര്‍ജിനെതിരെ പരസ്യനിലപാട് പ്രഖ്യാപിക്കാന്‍ നേതൃത്വത്തിന് ഇനിയും സാധിച്ചിട്ടില്ല. ജോര്‍ജാകട്ടെ തന്റെ രാജി ആവശ്യപ്പെടാന്‍ കെ എം മാണിയെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തു കഴിഞ്ഞു. ഇത്രയൊക്കെ വിഴുപ്പലക്കുകള്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉയരുമ്പോഴും ആര്‍ക്കൊപ്പം നില കൊള്ളണം എന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസില്‍ വലിയ തോതിലുള്ള ആശയക്കുഴപ്പം രൂപപ്പെട്ടതായാണ് സൂചന. കെ എം മാണിയെ അംഗീകരിക്കുന്ന വലിയ വിഭാഗം നേതാക്കള്‍ ജോസ് കെ മാണി പാര്‍ട്ടിയില്‍ പിടിമുറുക്കുന്നതിനെ അംഗീകരിക്കാന്‍ ഒരുക്കമല്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണ ജോര്‍ജിനുണ്ട്. പി ജെ ജോസഫ് അടക്കം പാര്‍ട്ടിയിലെ ഭൂരിപക്ഷം എം എല്‍ എമാരും മുന്‍നിര നേതാക്കളും ജോസ് കെ മാണിക്ക് സിന്ദാബാദ് വിളിക്കാന്‍ തയ്യാറെല്ലന്ന പക്ഷക്കാരാണ്.

ബാര്‍ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മാണിക്കെതിരെ വലിയതോതിലുള്ള അമര്‍ഷം കേരള കോണ്‍ഗ്രസിലുണ്ടെങ്കിലും പി സി ജോര്‍ജ് കാലാകാലങ്ങള്‍ സ്വീകരിച്ചുവരുന്ന നിലപാടുകളുമായി ഒത്തുപോകാനാകില്ലെന്ന പക്ഷക്കാരാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളും. ഇതാണ് ജോര്‍ജിനൊപ്പം അണിചേരാന്‍ കേരള കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം നേതാക്കളെയും അണികളെയും പിന്നോട്ടുവലിക്കുന്നത്.
ഈ സാഹചര്യത്തില്‍ പി ജെ ജോസഫ് വരും ദിവസങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകളാണ് പാര്‍ട്ടിയില്‍ ഏവരും ഒറ്റുനോക്കുന്നത്. എന്നാല്‍ തന്റെ പഴയ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിച്ച് സജീവമാക്കാന്‍ ജോസഫിന് താത്പര്യമില്ല. മാണിക്കെതിരെ ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ മന്ത്രിസ്ഥാനം രാജിവെക്കുന്നത് അടക്കമുള്ള ആവശ്യങ്ങളുമായി മാണിക്കെതിരെ പടനയിക്കാന്‍ ജോസഫ് അനുയായികള്‍ തയ്യാറെടുക്കുന്നുവെന്ന സൂചനകളുമുണ്ട്. ഇതാണ് ജോസഫ് തുടരുന്ന മൗനത്തിന്റെ പിന്നിലെ പൊരുളെന്ന വിലയിരുത്തലുമുണ്ട്.