Connect with us

Kerala

മുന്നണിയെ പേടിപ്പിക്കുന്നത് രാജ്യസഭാ തിരഞ്ഞെടുപ്പ്‌

Published

|

Last Updated

തിരുവനന്തപുരം: കെ ബി ഗണേഷ് കുമാറിന് പിന്നാലെ ഒരു എം എല്‍ എ കൂടി നഷ്ടപ്പെടുന്ന സാഹചര്യം രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് അനുരഞ്ജനശ്രമങ്ങള്‍ക്ക് യു ഡി എഫ് നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. ജോര്‍ജിനെ പോലെ തുറന്നടിക്കുന്ന ഒരാള്‍ പുറത്ത് പോകുന്ന സാഹചര്യമുണ്ടായാല്‍ സര്‍ക്കാറിനും മുന്നണിക്കും വലിയ ദോഷം ചെയ്യുമെന്നും നേതൃത്വം വിലയിരുത്തുന്നു. അത് കൊണ്ടാണ് സമവായം ഉണ്ടാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ നേരിട്ട് ഇറങ്ങിയതും. പടിവാതിലില്‍ നില്‍ക്കുന്ന രാജ്യസഭാതിരഞ്ഞെടുപ്പാണ് ഏറ്റവും വലിയ ഭീഷണി.
അടുത്ത മാസം 20നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. നിയമസഭയിലെ നിലവിലെ കക്ഷി നില അനുസരിച്ച് രണ്ട് പേരെ വിജയിപ്പിക്കാന്‍ യു ഡി എഫിന് കഴിയുമെങ്കിലും നിലവിലെ സംഭവ വികാസങ്ങള്‍ ഒരുപൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന സാഹചര്യം ഉണ്ടായാല്‍ അത് മുന്നണിയുടെ വിജയസാധ്യതയെ ബാധിച്ചേക്കുമെന്ന് നേതൃത്വം ഭയപ്പെടുന്നു. ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് രാജ്യസഭാ തിരഞ്ഞെടുപ്പു കഴിയുന്നതുവരെയെങ്കിലും കാര്യങ്ങള്‍ നിയന്ത്രണം വിട്ടുപോകാതിരിക്കാന്‍ ശ്രമിക്കുന്നത്.
ജി കാര്‍ത്തികേയന്‍ മരണപ്പെടുകയും കേരള കോണ്‍ഗ്രസ് ബി മുന്നണിക്ക് പുറത്തുപോവുകയും ചെയ്തതോടെ യു ഡി എഫ് പക്ഷത്ത് 73 പേരാണ് നിലവിലുള്ളത്. കെ ബി ഗണേഷ്‌കുമാറിനെ കൂടി ചേര്‍ത്ത് എല്‍ ഡി എഫ് പക്ഷത്ത് 66 പേരും. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ 36 ഒന്നാം വോട്ട് നേടുന്നവര്‍ക്ക് ജയിക്കാനാകും. ഇതനുസരിച്ച് നിലവില്‍ യു ഡി എഫിലെ രണ്ട് സ്ഥാനാര്‍ഥികളും 36 ഒന്നാം വോട്ട് വീതം ലഭിച്ച് തിരഞ്ഞെടുക്കപ്പെടും. എല്‍ ഡി എഫിന് ഒരു സ്ഥാനാര്‍ഥിയെയും വിജയിപ്പിക്കാന്‍ കഴിയും. യു ഡി എഫിന്റെ ഒരു സീറ്റില്‍ കോണ്‍ഗ്രസില്‍ നിന്ന് വയലാര്‍ രവിയാവും മല്‍സരിക്കുക. രണ്ടാമത്തെ സീറ്റ് ലീഗിന് നല്‍കാന്‍ ഏകദേശ ധാരണയായിട്ടുണ്ട്. ഈ സീറ്റില്‍ സ്ഥാനാര്‍ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. എല്‍ ഡി എഫിനു ലഭിക്കുന്ന ഒരു സീറ്റില്‍ സി പി എമ്മില്‍ നിന്ന് കെ കെ രാഗേഷ് ആണ് മത്സരിക്കുന്നത്.
രണ്ടാമത്തെ സീറ്റില്‍ സി പി ഐയും സ്ഥാനാര്‍ഥിയെ നിര്‍ത്തും. രണ്ട് സീറ്റുകളിലേക്കും മല്‍സരം ഉറപ്പായതിനാല്‍ മുന്നണിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് നേതൃത്വം ആശങ്കപ്പെടുന്നു.