Connect with us

International

ബോക്കോ ഹറാം: യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രത്യേക യോഗം ചേരുന്നു

Published

|

Last Updated

ജനീവ: നൈജീരിയയിലും അയല്‍ രാജ്യങ്ങളിലും ബോക്കോ ഹറാം ഉയര്‍ത്തുന്ന ആക്രമണങ്ങളുടെയും ഭീഷണിയുടെയും പശ്ചാത്തലത്തില്‍ യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രത്യേക യോഗം വിളിച്ചു. തീവ്രവാദ ഭീഷണി നേരിടുന്ന ആഫ്രിക്കന്‍ രാജ്യങ്ങളെ സഹായിക്കാന്‍ യു എന്‍ ഉന്നത മനുഷ്യാവകാശ വേദിയുടെ പ്രത്യേക യോഗം വിളിക്കണമെന്നാവശ്യപ്പെട്ടുള്ള അള്‍ജീരിയയുടെ അഭ്യര്‍ഥന ലഭിച്ചിരുന്നെന്ന് മനുഷ്യാവകാശ കൗണ്‍സില്‍ പ്രസിഡന്റ് ജോച്ചിം റൂക്കര്‍ പറഞ്ഞു.
ശക്തമായ സുരക്ഷയില്‍ നൈജീരിയ പോളിംഗ് ബൂത്തലേക്ക് നീങ്ങുന്നതിന് ഒരു ദിവസം ബാക്കി നില്‍ക്കെയാണ് യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് നൈജീരിയയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ സര്‍ക്കാറിന് നിയന്ത്രണം നഷ്ടപ്പെട്ട സാഹചര്യത്തില്‍ വന്‍ സുരക്ഷയിലാണ് നൈജീരിയ തിരഞ്ഞെടുപ്പിലേക്ക് പോകുന്നത്. തങ്ങളുടെ സങ്കുചിത താത്പര്യത്തിലുള്ള രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തില്‍ ബോക്കോ ഹറാം തീവ്രവാദികള്‍ നടത്തുന്ന ആക്രണങ്ങളില്‍ 2009 മുതല്‍ ഇതുവരെയായി 13,000ലധികം കൊല്ലപ്പെടുകയും 1.5 മില്യന്‍ ആളുകളെ വീടുകളില്‍ നിന്ന് ആട്ടിയോടിക്കപ്പെടുകയും ചെയ്തിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.
ബോക്കോ ഹറാം ഇസിലിന് നേരത്തെ സഹായം വാഗ്ദാനം ചെയ്തതിന് ശേഷം നൈജീരിയയുടെ സമീപ രാജ്യങ്ങളില്‍ തീവ്രവാദ ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, ഈയിടെയായി നൈജീരിയയുടെയും സഖ്യകക്ഷികളായ കാമറൂണ്‍, ഛാ ഡ് സൈന്യങ്ങളുടെ മുന്നേറ്റം ബോക്കോ ഹറാമിനെ ക്ഷീണിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിനെ തീവ്രവാദികള്‍ ലക്ഷ്യമിടുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
അപൂര്‍വമായി മാത്രമാണ് യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ഇത്തരം പ്രത്യേക യോഗങ്ങള്‍ വിളിക്കാറുള്ളത്. 2006ല്‍ രൂപവത്കൃതമായ ശേഷം 22 തവണ മാത്രമാണ് മനുഷ്യാവകാശ കൗണ്‍സില്‍ പ്രത്യേക യോഗം വിളിച്ചിട്ടുള്ളത്.