Connect with us

International

ആണവ കരാര്‍: ഇറാന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് കത്തയച്ചു

Published

|

Last Updated

ടെഹ്‌റാന്‍: ആണവ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ക്ക് കത്തയച്ചു. പന്ത്രണ്ട് വര്‍ഷമായി പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന അഞ്ച് ലോക രാജ്യങ്ങളുടെ തലവന്‍മാര്‍ക്കാണ് റൂഹാനി കത്തയച്ചിട്ടുള്ളത്. അമേരിക്കയെ കൂടാതെ, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് കത്തയച്ചിട്ടുള്ളത്. എന്നാല്‍, കത്തിന്റെ ഉള്ളടക്കം എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
അതിനിടെ, തങ്ങള്‍ രാജ്യത്തിന്റെയും ലോകത്തിന്റെയും താത്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും വിശിഷ്ടമായ ഈ അവസരം നഷ്ടപ്പെടുത്തില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായുള്ള ടെലഫോണ്‍ സംഭാഷണത്തില്‍ റൂഹാനി പറഞ്ഞതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. പുതിയ ചര്‍ച്ചകളില്‍ രാജ്യം പ്രതീക്ഷയര്‍പ്പിക്കുന്നുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നടത്തിയ സംഭഷണങ്ങള്‍ക്ക് ശേഷം ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇറാന്റെ നിയമവിധേയവും സമാധാന ആവശ്യങ്ങള്‍ക്കുള്ളതുമായ ആണവ ഉപയോഗത്തെ മാനിക്കുന്നുവെന്നും എന്നാല്‍, ശക്തവും നീണ്ടുനില്‍ക്കുന്നതുമായ ആണവ കരാറിനു വേണ്ടി പ്രയത്‌നിക്കണമെന്നും ഫ്രാന്‍സും ആവശ്യപ്പെട്ടിട്ടുണ്ട്.

Latest