Connect with us

Kerala

വനിതാ എം എല്‍ എമാരുടെ പരാതിയില്‍ പ്രത്യേക കേസില്ല

Published

|

Last Updated

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തില്‍ നിയമസഭയിലുണ്ടായ ബഹളത്തിനിടെ തങ്ങളെ അപമാനിച്ചുവെന്ന വനിതാ എം എല്‍ എമാര്‍ നല്‍കിയ പരാതിയില്‍ പ്രത്യേകം കേസെടുക്കില്ല. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശ പ്രകാരമാണ് സര്‍ക്കാറിന്റെ പുതിയ നീക്കം. ബഹളത്തിനിടെ സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തോടൊപ്പം ഈ പരാതിയും അന്വേഷിക്കാമെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസിഫലി സര്‍ക്കാറിന് നല്‍കിയ നിയമോപദേശം. ഇത് പ്രകാരം വനിതാ എം എല്‍ എമാരുടെ പരാതി ക്രൈം ബ്രാഞ്ചിന് കൈമാറുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ അറിയിച്ചു.

അനിഷ്ട സംഭവങ്ങളില്‍ നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ മാത്രം തുടര്‍ നടപടി സ്വീകരിച്ചാല്‍ മതിയെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദേശം. ശേഷിക്കുന്ന പരാതികള്‍ ഇതില്‍ ഉള്‍പ്പെടുത്തി അന്വേഷിച്ചാല്‍ മതി. സഭയിലെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ളവ പരിശോധിച്ചാണ് നടപടി.
മന്ത്രി ഷിബു ബേബിജോണ്‍, ഭരണപക്ഷ അംഗങ്ങളായ കെ ശിവദാസന്‍ നായര്‍, എം എ വാഹിദ്, എ ടി ജോര്‍ജ്, ഡൊമനിക്ക് പ്രസന്റേഷന്‍ എന്നിവര്‍ക്കെതിരെ പ്രതിപക്ഷ വനിതാ അംഗങ്ങളായ ജമീല പ്രകാശം, കെ കെ ലതിക, കെ എസ് സലീഖ, ഗീതാ ഗോപി, ഇ എസ് ബിജിമോള്‍, ഐഷാ പോറ്റി എന്നിവരാണ് നിയമസഭയിലെ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.
ശിവദാസന്‍ നായര്‍ ദുഷ്ടവിചാരത്തോടെ തന്റെ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നെന്നും ഇതുവഴി താന്‍ അപമാനിക്കപ്പട്ടെന്നും ജമീല പ്രകാശം നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. നിയമസഭയില്‍ ഉണ്ടായ ബഹളത്തിനിടെ താഴെ വീഴുകയും അക്രമത്തില്‍ മാനഹാനിയും മനോവിഷമവും ഉണ്ടായെന്നുമാണ് ഐഷാ പോറ്റിയുടെ പരാതിയില്‍ പറയുന്നത്. മറ്റു വനിതാ എം എല്‍ എമാരുടെ പരാതിയും സമാനസ്വഭാവത്തിലുള്ളതാണ്. സ്പീക്കറുടെ ചേംബര്‍ തകര്‍ത്ത സംഭവം നിലവില്‍ ക്രൈം ബ്രാഞ്ച് അന്വേഷിച്ചുവരികയാണ്. ഈ സംഘത്തിനാണ് വനിതാ എം എല്‍ എമാരുടെ പരാതിയും കൈമാറുക.

Latest