നിലപാടിലുറച്ച് മാണി: അനുരഞ്ജന ശ്രമം ഫലം കണ്ടില്ല

Posted on: March 27, 2015 7:38 pm | Last updated: March 29, 2015 at 11:26 am
SHARE

km-maniതിരുവനന്തപുരം: സി ജോര്‍ജിനെ ചൊല്ലി യു ഡി എഫില്‍ രൂപപ്പെട്ട പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുന്‍കൈയെടുത്ത് നടത്തിയ അനുരഞ്ജന ശ്രമങ്ങള്‍ ഫലം കണ്ടില്ല. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോര്‍ജിനെ നീക്കണമെന്ന ആവശ്യത്തില്‍ കെ എം മാണി ഉറച്ചുനില്‍ക്കുകയാണ്. മാണിയുമായി ഇനി സഹകരിക്കാനാകില്ലെന്നും കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ പുനരുജ്ജീവിപ്പിച്ച് യു ഡി എഫില്‍ ഘടക കക്ഷിയായി തുടരാന്‍ അനുവദിക്കണമെന്നുമാണ് ജോര്‍ജിന്റെ നിലപാട്.
വിദേശത്ത് പോകുകയാണെന്നും ഈസ്റ്ററിന് ശേഷം അന്തിമ തീരുമാനമെടുക്കാമെന്നും അതുവരെ തര്‍ക്കങ്ങള്‍ ഒഴിവാക്കണമെന്നും ജോര്‍ജിനോടും മാണിയോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പലതലങ്ങളില്‍ മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇരുപക്ഷത്തിനും സ്വീകാര്യമായൊരു ഫോര്‍മുല ഇനിയും രൂപപ്പെട്ടില്ല. ചീഫ് വിപ്പ് പദവിയില്‍ നിന്ന് ജോര്‍ജ് രാജിസന്നദ്ധത അറിയിച്ചെങ്കിലും തത്കാലം തുടരാനാണ് മുന്നണി നേതൃത്വത്തിന്റെ നിര്‍ദേശം.
ജോര്‍ജിനെ ചീഫ് വിപ്പ് പദവിയില്‍ നിന്ന് നീക്കണമെന്നും യു ഡി എഫ് ഏകോപന സമിതിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് കത്ത് നല്‍കിയ കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും പ്രശ്‌നത്തില്‍ എത്രയും വേഗം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാഴാഴ്ചയാണ് കേരളാ കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് ജോര്‍ജിനെ നീക്കാന്‍ തീരുമാനിച്ചത്. കെ എം മാണിയും പി ജെ ജോസഫും ഇക്കാര്യം രേഖാമൂലം മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു.
ഇന്നലെ രാവിലെ മുതല്‍ തന്നെ തിരക്കിട്ട ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. ചീഫ് വിപ്പിന്റെ ഔദ്യോഗിക വാഹനം ഒഴിവാക്കി രാജിക്കത്തുമായാണ് വെള്ളിയാഴ്ച രാവിലെ ജോര്‍ജ് ക്ലിഫ് ഹൗസിലെത്തിയത്. മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം ക്ലിഫ് ഹൗസിന് പുറത്തെത്തിയ ജോര്‍ജ്, യു ഡി എഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ എടുക്കുന്ന തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി.
തന്നെ ഒഴിവാക്കാന്‍ കേരളാ കോണ്‍ഗ്രസ് എം ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഇനി ഈ പദവിയില്‍ തുടരുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രിയെ ജോര്‍ജ് അറിയിച്ചു. താന്‍ യു ഡി എഫില്‍ തുടരാന്‍ സന്നദ്ധനാണ്. മാണിയുമായി യോജിച്ച് പോകാന്‍ കഴിയില്ല. അതിനാല്‍ കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ പുനരുജ്ജീവിപ്പിച്ച് യു ഡി എഫില്‍ ഘടക കക്ഷിയായി തുടരാന്‍ അനുവദിക്കണമെന്ന ആവശ്യവും ജോര്‍ജ് ഉന്നയിച്ചു. പാര്‍ട്ടിയില്‍ മാണി തന്നെ ഒറ്റപ്പെടുത്തുകയാണ്. ജോസ് കെ മാണിയാണ് ഇതിന് പിന്നിലെന്നും ജോര്‍ജ് വിമര്‍ശിച്ചു. പി ജെ ജോസഫിന് പോലും തന്നെ മാറ്റണമെന്ന നിലപാടില്ലെന്നും ജോര്‍ജ് അവകാശപ്പെട്ടു. കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ പുനരുജ്ജീവിപ്പിച്ച് പുതിയ ഘടക കക്ഷിയാകുന്നതിന് ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് മുഖ്യമന്ത്രി ജോര്‍ജിനെ അറിയിച്ചു. ചീഫ് വിപ്പ് പദവിയില്‍ നിന്ന് തത്കാലം രാജിവേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടര്‍ന്ന്, പി കെ കുഞ്ഞാലിക്കുട്ടിയെ മധ്യസ്ഥനായി നിയോഗിച്ച മുഖ്യമന്ത്രി അനുരഞ്ജന ശ്രമങ്ങള്‍ തുടങ്ങി.
തത്കാലം മാണിയെ വിമര്‍ശിക്കാന്‍ ജോര്‍ജ് മുതിരില്ലെന്ന സന്ദേശം കുഞ്ഞാലിക്കുട്ടി വഴി മാണിയെ അറിയിച്ചു. ഇനിയൊരു വിട്ടുവീഴ്ചയുമില്ലെന്ന നിലപാടാണ് മാണി സ്വീകരിച്ചത്. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാണിയെ കൂടി പങ്കെടുപ്പിച്ച് യോഗം ചേര്‍ന്നു. രമേശും കുഞ്ഞാലിക്കുട്ടിയും പങ്കെടുത്ത ഈ യോഗത്തിലും നിലപാടില്‍ നിന്ന് മാറാന്‍ മാണി സന്നദ്ധനായില്ല. കേരള കോണ്‍ഗ്രസ് എം പാര്‍ലിമെന്ററി പാര്‍ട്ടിയുടെ തീരുമാനം മാറ്റേണ്ടതില്ലെന്ന നിലപാടാണ് മാണി സ്വീകരിച്ചത്. പിന്നീട് ജോര്‍ജിനെ വീണ്ടും മുഖ്യമന്ത്രി ഓഫീസിലേക്ക് വിളിച്ചു വരുത്തി. തത്കാലം തര്‍ക്കങ്ങള്‍ ഒഴിവാക്കണമെന്നും മുന്നണിയുമായി ഒന്നിച്ചുപോകണമെന്നും അവശ്യപ്പെട്ടു. തെറ്റൊന്നും ചെയ്യാത്ത തന്നെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം എന്തടിസ്ഥാനത്തിലാണെന്ന് ജോര്‍ജ് നേതാക്കളോട് ചോദിച്ചു. ഈസ്റ്റര്‍ കഴിഞ്ഞ ശേഷം അന്തിമ തീരുമാനമെടുക്കാമെന്ന ധാരണയില്‍ ഇന്നലത്തെ ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയായിരുന്നു.