വാജ്‌പേയിക്ക് ഭാരതരത്‌നം സമ്മാനിച്ചു

Posted on: March 27, 2015 6:04 pm | Last updated: March 27, 2015 at 9:59 pm
SHARE

atal-vajpayee-ap-548_635630752049501563ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് ഭാരതരത്‌നം സമ്മാനിച്ചു. ആരോഗ്യപ്രശ്‌നങ്ങളാല്‍ വിശ്രമത്തില്‍ കഴിയുന്ന വാജ്‌പേയിക്ക് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി വീട്ടിലെത്തിയാണു പുരസ്‌കാരം സമ്മാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മന്ത്രിസഭയിലെ പ്രമുഖ അംഗങ്ങളും വാജ്‌പേയിയുടെ വീട്ടിലെത്തിയിരുന്നു. വാജ്‌പേയിയുടെ ആരോഗ്യനില മോശമായതിനാല്‍ വളരെ കുറച്ചുപേരെ മാത്രമാണു ചടങ്ങിലേക്കു ക്ഷണിച്ചിരുന്നത്.

ജനസംഘത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ വാജ്‌പേയി 1996 ലാണ് ആദ്യമായി പ്രധാനമന്ത്രിയാകുന്നത്. എന്നാല്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ പോയതിനാല്‍ 13 ദിവസത്തിനു ശേഷം രാജിവയ്‌ക്കേണ്ടിവന്നു. പിന്നീട് 1999ല്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഭൂരിപക്ഷം നേടിയതിനെ തുടര്‍ന്ന് വീണ്ടും വാജ്‌പേയി പ്രധാനമന്ത്രി സ്ഥാനത്തെത്തി.