ചീഫ് വിപ്പിനെ മാറ്റാന്‍ മാണി കത്ത് തന്നു: മുഖ്യമന്ത്രി; മുഖ്യമന്ത്രി പറയുന്നത് അനുസരിക്കും: പി സി

Posted on: March 27, 2015 2:29 pm | Last updated: March 27, 2015 at 9:59 pm
SHARE

oc-pc

തിരുവനന്തപുരം: മാണിയും പി സി ജോര്‍ജും തമ്മിലുള്ള തര്‍ക്കത്തിലൂടെ രൂപംകൊണ്ട പ്രതിസന്ധി യുഡിഎഫില്‍ രൂക്ഷമാകുന്നു. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാണിയെ മാറ്റാന്‍ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെ എം മാണി കത്ത് തന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാണിയുടെ ആവശ്യം ഘടകക്ഷികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ചര്‍ച്ചകള്‍ തുടരുകയാണ്. അടുത്ത ദിവസങ്ങളില്‍ താന്‍ ഇവിടെയുണ്ടാകില്ല. അതുകൊണ്ട് ജോര്‍ജിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതേസമയം തന്നെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ പറയാന്‍ മാണിക്ക് അവകാശമില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു. മാണിയുടെ ആവശ്യപ്രകാരമല്ല തനിക്ക് ചീഫ് വിപ്പ് സ്ഥാനം ലഭിച്ചത്. മാണി നേരിട്ട് ആവശ്യപ്പെട്ടിരുന്നെങ്കില്‍ എപ്പോള്‍ വേണമെങ്കിലും രാജിവയ്ക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ അദ്ദേഹമെടുത്ത നിലപാട് ശരിയായില്ല. ചെറിയൊരു സ്ഥാനത്തിന്റെ പേരില്‍ മാണി ഭീഷണിപ്പെടുത്തേണ്ട. ഒരു ഭീഷണിക്കും വഴങ്ങുന്നവനല്ല താന്‍. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത് അനുസരിക്കും. മാണിയുടെ പാര്‍ട്ടിയില്‍ തുടരാന്‍ താല്‍പര്യമില്ല. പക്ഷേ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറല്ല. മാണിയേക്കാള്‍ പാര്‍ട്ടിയില്‍ തന്നെ പിന്തുണയ്ക്കുന്നവരുണ്ട്. യുഡിഎഫില്‍ തന്നെ തുടരും. കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിക്കാന്‍ താല്‍പര്യമുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു.
മുഖ്യമന്ത്രിയും പി സി ജോര്‍ജും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. രാവിലേയും പി സി ജോര്‍ജ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.