Connect with us

Kasargod

ആക്രമിക്കപ്പെട്ടത് സി ഐ ടി യു നേതൃത്വത്തിലുള്ള ജാഥ; അക്രമി സംഘത്തില്‍ സി പി എം പ്രവര്‍ത്തകരും

Published

|

Last Updated

നീലേശ്വരം: തലയടുക്കത്ത് ഖനനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സി ഐ ടി യു നേതൃത്വത്തില്‍ സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തിയ വാഹന പ്രചാരണജാഥയെ ആക്രമിച്ച സംഭവത്തില്‍ സി പി എം പ്രവര്‍ത്തകരും ഉള്‍പ്പെട്ടത് പാര്‍ട്ടിയിലും തൊഴിലാളി സംഘടനയിലും അസ്വാരസ്യങ്ങള്‍ രൂക്ഷമാക്കി.
കഴിഞ്ഞ ദിവസം രാവിലെയാണ് സി ഐ ടി യു ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍ ഉദ്ഘാടനം ചെയ്ത സംയുക്ത ട്രേഡ് യൂനിയനുകളുടെ വാഹന പ്രചാരണ ജാഥ ചോയ്യങ്കോട്ടുനിന്ന് നെല്ലിയടുക്കത്തെിയപ്പോള്‍ ഒരുസംഘം അക്രമം അഴിച്ചുവിട്ടത്.
സി ഐ ടി യു, ഐ എന്‍ ടി യുസി, എ ഐ ടി യു സി, ബി എം എസ്, എസ് ടി യു തുടങ്ങിയ തൊഴിലാളി സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും കേരളാ ക്ലേയ്‌സ് ആന്റ് സിറാമിക്‌സ് കമ്പനിയിലെ തൊഴിലാളികളും പങ്കെടുത്ത ജാഥയെ ആക്രമിച്ചവരില്‍ മുന്‍നിരയിലുണ്ടായത് സി പി എം പ്രവര്‍ത്തകരാണെന്നത് പാര്‍ട്ടിനേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. കോണ്‍ഗ്രസ്, ബി ജെ പി പ്രവര്‍ത്തകരും അക്രമത്തില്‍ പങ്കാളികളായിരുന്നു. അതുകൊണ്ടുതന്നെ സി പി എമ്മിനു പുറമെ കോണ്‍ഗ്രസിലും ബി ജെ പിയിലും പ്രശ്‌നം പൊട്ടിത്തെറിക്ക് കാരണമായി.
തലയടുക്കം ഖനനം സി പി എമ്മും സി ഐ ടി യുവും രണ്ടുതട്ടിലാകാന്‍ ഇടവരുത്തിയിട്ടുണ്ട്. ഖനനത്തിനെതിരായ നിലപാട് സി പി എം ജില്ലാ നേതൃത്വവും പ്രാദേശിക നേതൃത്വങ്ങളും സ്വീകരിക്കുമ്പോഴാണ് സി ഐ ടി യു ജില്ലാ നേതൃത്വം ഖനനത്തിന് അനുകൂലമായി തൊഴില്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി സമരത്തിനിറങ്ങിയിരിക്കുന്നത്.
കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തില്‍ പെട്ട തലയടുക്കത്ത് ഖനനം സംബന്ധിച്ച് ഇനി എന്തു നിലപാട് കൈക്കൊള്ളണമെന്ന ആശയക്കുഴപ്പം സി പി എം നേതൃത്വത്തെ ഗ്രസിച്ചിട്ടുണ്ട്.

 

Latest