Connect with us

Kasargod

അഫ്താബിന്റെ മരണത്തില്‍ നാട് തേങ്ങി

Published

|

Last Updated

കാസര്‍കോട്: മൊഗ്രാല്‍പുത്തൂരില്‍ എട്ടാംതരം വിദ്യാര്‍ഥിയായ സലാം അഫ്താബ് (14) വാഹനാപകടത്തില്‍ മരണപ്പെട്ട സംഭവം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. സങ്കടം സഹിക്കാനാവാതെ അഫ്താബിന്റെ സഹപാഠികള്‍ വിതുമ്പിക്കരഞ്ഞു.
മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥിയായ അഫ്താബ് പരീക്ഷയെഴുതി വീട്ടിലെത്തിയശേഷം മൊഗ്രാല്‍പുത്തൂരിലെ ടൗണിലേക്ക് പോയതായിരുന്നു. തിരിച്ച് വീട്ടിലേക്ക് വരാന്‍ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടിയെ പിന്നില്‍നിന്നും നിയന്ത്രണം വിട്ട് കുതിച്ചെത്തിയ ഓമ്‌നി വാന്‍ ഇടിക്കുകയായിരുന്നു. പരിഭ്രാന്തനായ കുട്ടി രക്ഷപ്പെടാനായി ചാടിയെങ്കിലും ഫലമുണ്ടായില്ല. റോഡിലേക്ക് തെറിച്ചുവീണ അഫ്താബിനെ ഉടന്‍തന്നെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗലാപുരം ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.
തങ്ങളുടെ കൂടെ പരീക്ഷയെഴുതി യാത്ര പറഞ്ഞുപോയ അഫ്താബ് അപകടത്തില്‍ ദാരുണമായി മരണപ്പെട്ട വിവരം കൂട്ടുകാര്‍ക്ക് ആദ്യം വിശ്വസിക്കാനായില്ല. യാഥാര്‍ഥ്യം മനസിലായപ്പോള്‍ പിടിച്ചുനില്‍ക്കാനാകാതെ അവര്‍ പൊട്ടിക്കരഞ്ഞു. ദുരന്തവാര്‍ത്തയറിഞ്ഞ് വിതുമ്പിക്കരഞ്ഞ് എത്തിയ സഹപാഠികളെ ആശ്വസിപ്പിക്കാന്‍ നാട്ടുകാര്‍ ഏറെ പാടുപെട്ടു. എപ്പോഴും കളിചിരിയുമായി നടന്നിരുന്ന അഫ്താബിന്റെ മരണം നാട്ടുകാര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല.
അഫ്താബിന്റെ മയ്യത്ത് മംഗലാപുരം ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം മൊഗ്രാല്‍പുത്തൂര്‍ അറഫാത്ത് നഗറിലെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.