Connect with us

Kasargod

കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാനെതിരെ മുസ്‌ലിം ലീഗ് അവിശ്വാസം കൊണ്ടുവരുന്നു

Published

|

Last Updated

കാഞ്ഞങ്ങാട്: നഗരസഭ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടിക്കെതിരെ മുസ്‌ലിംലീഗ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നു. മുസ്‌ലിം ലീഗ് നഗരസഭാ പാര്‍ലിമെന്ററി ബോര്‍ഡാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. അവിശ്വാസ നീക്കത്തിന് ലീഗ് ജില്ലാ കമ്മിറ്റിയും അനുമതി നല്‍കിയിട്ടുണ്ട്.
അലാമിപ്പള്ളിയിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട് വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടിയെ നേരത്തെ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. തുടര്‍ന്ന് വൈസ് ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രഭാകരന്‍ വഴങ്ങിയില്ല. ഇതിനു ശേഷം സ്വന്തമായ നിലപാടുകളുമായി മുന്നോട്ടുപോകുന്ന പ്രഭാകരന്‍ ലീഗ് കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളോട് വിവേചനം കാണിക്കുകയാണെന്നാരോപിച്ച് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ലീഗ് അംഗങ്ങള്‍ ഇറങ്ങിപ്പോയിരുന്നു.
ഇതേ തുടര്‍ന്നാണ് വൈസ് ചെയര്‍മാനെ അവിശ്വാസത്തിലൂടെ പുറത്താക്കാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചത്. ഇന്നലെ ഹൊസ്ദുര്‍ഗ് അതിഥി മന്ദിരത്തില്‍ ലീഗ് കൗണ്‍സിലര്‍മാരുടെയും നേതാക്കളുടെയും യോഗം ചേര്‍ന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തി. ലീഗ് അവിശ്വാസം കൊണ്ടുവന്നാല്‍ കോണ്‍ഗ്രസും മറ്റു യു ഡി എഫ് കക്ഷികളും പിന്തുണക്കുമെന്നാണ് സൂചന. പ്രഭാകരന്‍ ബജറ്റ് അവതരിപ്പിക്കുന്ന ഈമാസം 29ന് മുമ്പ് അവിശ്വാസം കൊണ്ടുവരാനാണ് ലീഗ് തീരുമാനിച്ചിരിക്കുന്നത്. ലീഗിന്റെ അവിശ്വാസ നീക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസിലെ ഏഴ് കൗണ്‍സിലര്‍മാരെയും ഡി സി സി പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരന്‍ ഹൊസ്ദുര്‍ഗ് അതിഥി മന്ദിരത്തിലേക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തി.
മുസ്‌ലിം ലീഗിന് നിലവില്‍ 11 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് ഏഴ് അംഗങ്ങളും നിലവിലുണ്ട്. 43 അംഗ കൗണ്‍സിലില്‍ അവിശ്വാസം പാസാകണമെങ്കില്‍ 22 പേരുടെ പിന്തുണ വേണം. ലീഗ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ സി പി എം അനുകൂലിക്കുമെന്നാണ് സൂചന.