കൈതക്കാട്ട്മലയിലെ സ്വകാര്യ ഐസ് പ്ലാന്റ്; ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

Posted on: March 27, 2015 12:48 pm | Last updated: March 27, 2015 at 12:48 pm
SHARE

ചെറുവത്തൂര്‍: ചെറുവത്തൂര്‍ പഞ്ചായത്തില്‍ കുടിവെള്ള പ്രശ്‌നം അനുഭവപ്പെടുന്ന തീരദേശ പ്രദേശങ്ങളടക്കമുള്ള സ്ഥലങ്ങളില്‍ ശുദ്ധജലം വിതരണം ചെയ്യുന്ന പദ്ധതി പ്രദേശമായ കൈതക്കാട് കുളങ്ങാട്ട് മലയുടെ പരിസരത്ത് ഐസ് പ്ലാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് സ്ഥല പരിശോധനക്കായി ഭൂഗര്‍ഭ ജല പരിശോധന വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
പദ്ധതിക്കെതിരെ ജനരോഷം ഉയര്‍ന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്. പത്തോളം കുടിവെള്ള പദ്ധതികളുടെ കിണറുകളുള്ള കൈതക്കാട് മലയുടെ സമീപം ഐസ്പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയാല്‍ ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്ന ചെറുവത്തൂരിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളടക്കം കുടിവെള്ളം മുട്ടുമെന്നും നാട്ടുകാരില്‍ നിന്ന് ആശങ്കയും പരാതിയും ഉയര്‍ന്നിരുന്നു.
കൈതക്കാട്ട് ചതുപ്പുനിലം നികത്തിയാണ് സ്വകാര്യവ്യക്തികള്‍ ചേര്‍ന്ന് ഐസ്പ്ലാന്റ് പണിയുന്നത്. ഇതിന്റെ അനുമതിക്കായി ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ അപേക്ഷകൊടുത്തിട്ടുണ്ടെങ്കിലും പദ്ധതിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധവും ഒപ്പിട്ട് നല്‍കിയ നിവേദനത്തെയും തുടര്‍ന്ന് പഞ്ചായത്ത് ലൈസന്‍സും പെര്‍മിറ്റും അനുവദിച്ചിരുന്നില്ല. പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിനെതിരെ സംരംഭകര്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് 42 ദിവസത്തിനകം ഉചിതമായ തീരുമാനമെടുക്കണമെന്ന് കോടതി സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
119 എച്ച് പി മോട്ടര്‍ സ്ഥാപിച്ച് ദിവസം ലക്ഷം ലിറ്റര്‍ വെള്ളം പമ്പ് ചെയ്ത് ഐസ്പ്ലാന്റ് പ്രവര്‍ത്തിച്ചാല്‍ പ്രദേശത്ത് കുടിവെള്ളം കിട്ടാക്കനിയാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. വന്‍തോതില്‍ ജലചൂഷണം നടത്തേണ്ടിവരുമെന്നതിനാല്‍ ജലവിതരണ അതോറിറ്റി, ഭൂഗര്‍ഭ ജല പരിശോധനാ വിഭാഗം എന്നിവരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമെ തീരുമാനമുണ്ടാകുവെന്ന് ഗ്രാമപഞ്ചായത്തിന്റെ നിലപാട്.
വലിയ തോതിലുള്ള ചൂഷണം കുടിവെള്ള പദ്ധതികള്‍ക്ക് ഭീഷണിയാകുമെന്ന നിഗമനത്തിലാണ് ജലവിതരണ അതോറിറ്റി.