വിരമിക്കുന്നില്ല, ടി20 ലക്ഷ്യമിട്ട് ധോണി

Posted on: March 27, 2015 6:00 am | Last updated: March 27, 2015 at 12:01 pm
SHARE

dhoni-indiaസിഡ്‌നി: വിരമിക്കല്‍ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി നല്‍കാതെ ധോണി സ്‌കോര്‍ ചെയ്തു ! അടുത്ത വര്‍ഷം ട്വന്റി20 ലോകകപ്പ് കൂടി കളിക്കുമെന്ന സൂചന നല്‍കിയ ധോണി അതിന് ശേഷമേ 2019 ലോകകപ്പിനെ കുറിച്ച് ചിന്തിക്കുകയുള്ളൂവെന്ന് വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി ലോകകപ്പ് സെമിഫൈനല്‍ തോല്‍വിയോടെ വിരമിക്കലിനെ സംബന്ധിച്ച് സൂചന നല്‍കുമെന്നായിരുന്നു മാധ്യമങ്ങളുടെ ധാരണ. അതുകൊണ്ടു തന്നെ വിരമിക്കുന്നുണ്ടോയെന്ന അസ്വസ്ഥമായ ചോദ്യം ധോണിക്ക് നേരെ ഉന്നയിക്കപ്പെട്ടു. നിങ്ങള്‍ ഗവേണം ചെയ്യൂ, എന്നിട്ട് തോന്നിയത് എഴുതൂ, അതിന്റെ വിപരീതമായിരിക്കും സത്യം – ധോണി അല്പം കടുപ്പിച്ച് പറഞ്ഞു. അടുത്ത വര്‍ഷം ട്വന്റി20 ലോകകപ്പ് കളിക്കാനുള്ള താത്പര്യവും ധോണി പ്രകടിപ്പിച്ചു.
കോച്ച് ഡങ്കന്‍ ഫ്‌ളെച്ചര്‍ ടീമിനൊപ്പം തുടരുമോ എന്ന ചോദ്യവും ധോണി അവഗണിച്ചു. ഇക്കാര്യം എന്നോടല്ല ചോദിക്കേണ്ടത്. ബി സി സി ഐയും ഫ്‌ളെച്ചറും തമ്മിലുള്ള കരാര്‍ അവര്‍ തീരുമാനിക്കട്ടെ – ധോണി പറഞ്ഞു. ഫ്‌ളെച്ചറുടെ സാങ്കേതിക പരിജ്ഞാനം മികവുറ്റതാണ്. അദ്ദേഹത്തോടൊപ്പമുള്ള നിമിഷങ്ങള്‍ ആസ്വാദ്യകരമായിരുന്നു. സീനിയര്‍ താരങ്ങള്‍ ടീം വിട്ട കാലത്തായിരുന്നു ഫ്‌ളെച്ചര്‍ യുവനിരയെ വാര്‍ത്തെടുക്കാനുള്ള ശ്രമകരമായ ദൗത്യമേറ്റെടുത്തതെന്നും ധോണി ഓര്‍മിച്ചു.