ബ്രസീല്‍ ഫ്രാന്‍സിനെ തകര്‍ത്തു

Posted on: March 27, 2015 12:24 pm | Last updated: March 27, 2015 at 9:58 pm
SHARE

neymarപാരീസ്: സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സിനെതിരെ ബ്രസീലിന് തകര്‍പ്പന്‍ ജയം. പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ചാണ് ഫ്രാന്‍സിന്റെ തട്ടകത്തില്‍ ബ്രസീല്‍ വിജയം പിടിച്ചെടുത്തത്. ഈ വേദിയില്‍ വച്ചാണ് ബ്രസീലിനെ തകര്‍ത്ത് ഫ്രാന്‍സ് 1998ല്‍ ലോകകപ്പ് സ്വന്തമാക്കിയത്.
ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തില്‍ വരാനെയിലൂടെ ഫ്രാന്‍സ് ബ്രസീലിനെ ഞെട്ടിച്ചു. 21ാം മിനിറ്റില്‍ മികച്ചൊരു ഹെഡറിലൂടെ വറാനെ ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. എന്നാല്‍ 40ാം മിനിറ്റില്‍ ബ്രസീലിനുവേണ്ടി ഓസ്‌കര്‍ തിരിച്ചടിച്ചു. ഇടവേളയ്ക്ക് ശേഷം ബ്രസീലിന് സൂപ്പര്‍ താരം നെയ്മര്‍ ആഗ്രഹിച്ച ലീഡ് 57ാം മിനിറ്റില്‍ സമ്മാനിച്ചു. പിന്നില്‍നിന്ന് ഓടിക്കയറിയ നെയ്മര്‍ക്ക് വില്യന്റെ വക മികച്ച ഒരു പാസ്. ഉഗ്രന്‍ ഷോട്ടിലൂടെ നെയ്മര്‍ അത് ഫ്രാന്‍സിന്റെ വലയിലെത്തിച്ചു. 12 മിനിറ്റിന് ശേഷം ഗുസ്താവോ പട്ടിക തികച്ചു. ബ്രസീലിന്റെ മൂന്നാം ഗോള്‍. ലോകകപ്പിലെ ദയനീയ തോല്‍വിയുടെ പാപക്കറ മായ്ക്കാന്‍ ശ്രമിക്കുന്ന ബ്രസീലിന് മികച്ച വിജയം.
കോപ്പ അമേരിക്കയ്ക്ക് ഒരുങ്ങുന്ന ബ്രസീല്‍ ലോകകപ്പിന് ശേഷം പുതിയ കോച്ച ഡുംഗയ്ക്ക് കീഴിയില്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. ലോകകപ്പിലെ ഭൂരിഭാഗം താരങ്ങളേയും ഒഴിവാക്കിയാണ് ദുംഗ പുതിയ ടീമിനെ ഒരുക്കുന്നത്.