Connect with us

Palakkad

ഷൊര്‍ണൂര്‍- കോഴിക്കോട് വൈദ്യുതി പാത: പരീക്ഷണ ഓട്ടം നടത്തി

Published

|

Last Updated

പാലക്കാട്: മലബാറിലെ ഏറെക്കാലത്തെ ആവശ്യം ഒരു കൈ അകലം ദൂരത്തില്‍. വൈദ്യുതീകരിച്ച ഷൊര്‍ണൂര്‍കോഴിക്കോട് പാതയിലെ പരീക്ഷണ ഓട്ടം വിജയം.രാവിലെ 8.59ന് ഷൊര്‍ണൂരില്‍ നിന്ന് ഓട്ടം തുടങ്ങിയ വൈദ്യുതി എന്‍ജിന്‍ 11.10 ന് കോഴിക്കോട്ടെത്തി. 11.58ന് കോഴിക്കോട് നിന്ന് ഓട്ടം ആരംഭിച്ച വണ്ടി 1.58ന് ഷൊര്‍ണൂരെത്തി.
ഇനി റെയില്‍വേ സുരക്ഷാ കമ്മീഷ്ണറുടെ പരിശോധന പൂര്‍ത്തിയായാല്‍ ഈ വഴി വൈദ്യുതി വണ്ടികള്‍ ഓടിക്കാം. നിലവില്‍ മലബാര്‍ ഭാഗത്തേക്ക് ഓടുന്ന വൈദ്യുതി വണ്ടികള്‍ എന്‍ജിന്‍ മാറ്റി ഡീസലാക്കാനും മലബാറില്‍ നിന്നെത്തുന്ന വണ്ടികള്‍ വൈദ്യുതി എന്‍ജിന്‍ പിടിപ്പിക്കാനും ഏറെ നേരം ഷൊര്‍ണൂരില്‍ പിടിച്ചിടുന്ന അവസ്ഥയാണ്. ഷൊര്‍ണൂര്‍ കോഴിക്കോട് റൂട്ടില്‍ വൈദ്യുതി വണ്ടികള്‍ ഓടുതോടെ ഇതിന് ഒരു പരിധി വരെ പരിഹാരമാവും. എന്നാല്‍ ഷൊര്‍ണൂര്‍ മംഗലാപുരം പാതയില്‍ വൈദ്യുതീകരണം പൂര്‍ത്തിയാവാതെ പൂര്‍ണ തോതില്‍ പ്രയോജനം ലഭിക്കില്ല.
അത് വരെ മെമു പോലെ കൂടുതല്‍ യാത്രക്കാരെ കയറ്റാന്‍ കഴിയുന്ന വണ്ടികള്‍ മാത്രമായിരിക്കും വൈദ്യുതിയില്‍ ഓടുക. തിരൂരില്‍ വൈദ്യുതി സബ് സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തിയാവാത്തതും തടസമാണ്. ഇതിന് പുറമേ വൈദ്യുതി എന്‍ജിന്‍ പിടിപ്പിച്ച വണ്ടി കോഴിക്കോടെത്തുമ്പോള്‍ ഡീസല്‍ എന്‍ജിന്‍ ആക്കാനുള്ള സൗകര്യവും കുറവാണ്.
റെയില്‍വേ അഡീഷണല്‍ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ മോഹന്‍ എ മേനോന്‍, സീനിയര്‍ ഡിവിഷനല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ എസ് ജയകൃഷ്ണന്‍, ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ടി സി ജോണ്‍സണ്‍ തുടങ്ങിയവര്‍ ഇലക്ട്രിക്കല്‍ എന്‍ജിന്റെ പരീക്ഷണ ഓട്ടത്തില്‍ സന്നിഹിതരായിരുന്നു.

Latest