നിയമസഭയെ അവഹേളിച്ചവര്‍ തെറ്റ് ജനങ്ങളോട് ഏറ്റുപറയണമെന്ന്

Posted on: March 27, 2015 10:42 am | Last updated: March 27, 2015 at 10:42 am
SHARE

പാലക്കാട്: ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയെ അവഹേളിച്ചവര്‍ തെറ്റ് ജനങ്ങളോട് ഏറ്റുപറയണമെന്ന് കെ പി സി സി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ്അഭിപ്രായപ്പെട്ടു.
യു ഡി എഫ് ജില്ലാ കമ്മിറ്റി സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കൂടിയായ ഉണ്ണിത്താന്‍.
ഇന്ത്യയുടെ ചരിത്രത്തില്‍ നിയമനിര്‍മാണസഭകളില്‍ അതിക്രമം കാണിച്ചവരെ പിന്നീട് ജനം തെരഞ്ഞെടുത്തയച്ചിട്ടില്ല. 1967ല്‍ മഹാരാഷ്ട്ര നിയമസഭയില്‍ സ്പീക്കറുടെ മൈക്ക് പൊട്ടിച്ചയാള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുകയും ജയില്‍ ശിക്ഷ ലഭിക്കുകയും ചെയ്തു.
ഹരിപ്പാട്ടെ മുന്‍ എം എല്‍ എ സി ബി സി വാര്യര്‍ നിയമസഭയില്‍ തുണിപൊക്കി പിടിച്ചതിന് ശേഷം അദ്ദേഹം പിന്നെ നിയമസഭ കണ്ടിട്ടില്ല. നിയമസഭയില്‍ കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനം പരാജയപ്പെട്ടതാണ് പ്രതിപക്ഷത്തിന്റെ ഈ അതിക്രമങ്ങള്‍ക്ക് കാരണം. അങ്ങാടിയില്‍ തോറ്റവര്‍ അമ്മയോട് എന്ന നിലപാടായിരുന്നു ഇടതുപക്ഷത്തിനെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.
സ്പീക്കറെ തടഞ്ഞതിന് അവര്‍ക്ക് ന്യായീകരണമില്ല. അങ്ങനെ ചെയ്യുമെങ്കില്‍ അത് മുന്‍കൂട്ടി പറയാതിരുന്ന്ത എന്തുകൊണ്ടാണ്. അക്രമസമരത്തിന് ഇനി സി.പി.എം ഇല്ലെന്ന് പറഞ്ഞ പുതിയ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എങ്ങനെയാണ് നിയമസഭയിലെ അക്രമത്തെ ന്യായീകരിക്കാന്‍ കഴിയുക.
സാധാരണ വീട്ടില്‍ കള്ളന്‍ കയറിയാല്‍ സ്ത്രീകളെ സുരക്ഷിതരാക്കി കുടുംബനാഥനാണ് കള്ളനെ നേരിടുക. എന്നാല്‍ പുരുഷ എം.എല്‍.എമാര്‍ സ്പീക്കറുടെ ഡയസില്‍ കയറുകയും ഭരണപക്ഷത്തിന്റെ ഭാഗത്തേക്ക് വനിതാ എം എല്‍ എമാരെ ചാവേറുകളായി വിടുകയുമായിരുന്നു. പെണ്ണൊരുമ്പെട്ടാല്‍ എന്തും നടക്കും എന്നതിന്റെ ഉദാഹരണമാണ് നിയമസഭയില്‍ കണ്ടത്. ഭരണപക്ഷത്തെ ഒരു എം എല്‍ എയും പ്രതിപക്ഷ ഭാഗത്തേക്ക് പോയില്ലെന്ന് ഓര്‍ക്കണം. മുഖ്യമന്ത്രിയുടെയും യു ഡി എഫ് നേതാക്കളുടെയും ചാണക്യതന്ത്രമാണ് ബജറ്റ് അവതരിപ്പിക്കാന്‍ സഹായകമായത്. മുന്‍ കൊലക്കേസ് പ്രതികളാണ് സഭയില്‍ അ്ക്രമം കാണിക്കാന്‍ നേതൃത്വം നല്‍കിയതെന്ന് ഉണ്ണിത്താന്‍ ആരോപിച്ചു. ബാര്‍കോഴ ആരോപണത്തില്‍ കുറ്റപത്രം നല്‍കിയാലും ശിക്ഷിക്കപ്പെടുന്നതുവരെ പ്രതി കുറ്റവാളിയാകുന്നില്ല. മുമ്പ് കോടതി പരാമര്‍ശങ്ങളുടെ പേരില്‍ രാജിവെക്കേണ്ടി വന്ന കെ കരുണാകരനും കെ പി വിശ്വനാഥനും എം പി ഗംഗാധരനുമൊന്നും പിന്നീട് ആ പദവികള്‍ തിരിച്ചുകിട്ടിയിട്ടില്ലെന്ന് ഉണ്ണിത്താന്‍ ഓര്‍മിപ്പിച്ചു. വെറും മാധ്യമവിചാരണയാണ് നടക്കുന്നത്.
ഇതുവരെ ആരോപണത്തിന് മതിയായ തെളിവ് ഹാജരാക്കാന്‍ ബാര്‍ ഉടമക്ക് കഴിഞ്ഞിട്ടില്ല. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എ.രാമസ്വാമി അധ്യക്ഷത വഹിച്ചു. യോഗത്തിന് മുന്നില്‍ ഓരോ കേരളീയന്റെയും തല ഭൂമിയോളം കുനിഞ്ഞുപോകുന്ന അവസ്ഥയാണ് ഭൂരിപക്ഷം ഉണ്ടാക്കിയതെന്ന് സ്വാഗതം പറഞ്ഞ് മുസ്‌ലിംലീഗ് ജില്ലാ ജനറല്‍സെക്രട്ടറി കളത്തില്‍ അബ്ദുല്ല അഭിപ്രായപ്പെട്ടു. എം എല്‍ എമാരായ ഷാഫി പറമ്പില്‍, കെ അച്യുതന്‍, സി പി മുഹമ്മദ്, മുസ്‌ലിംലീഗ് ജില്ലാ വൈസ്പ്രസിഡന്റ് എം എം ഹമീദ്, കോണ്‍ഗ്രസ് നേതാക്കളായ സി വി ബാലചന്ദ്രന്‍, വി എസ് വിജയരാഘവന്‍, സി ചന്ദ്രന്‍, പി ജെ പൗലോസ്, ഘടകകക്ഷി നേതാക്കളായ ജോസ് ജോസഫ്, പി എം കുരുവിള, ടി എം ചന്ദ്രന്‍, കെ ഭാസ്‌ക്കരന്‍, പി കലാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.