ഗ്രെയ്ന്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Posted on: March 27, 2015 10:41 am | Last updated: March 27, 2015 at 10:41 am
SHARE

പാലക്കാട്: പാലക്കാട് പ്രസ് ക്ലബ്ബ്-എജെകെ ഗ്രെയ്ന്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. സംവിധായകന്‍ എം പി സുകുമാരന്‍ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ഒരു പഞ്ചായത്തില്‍ ഒരെണ്ണമെന്ന നിലയില്‍ നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരിടമുണ്ടായാല്‍ ചെറിയ സിനിമകള്‍ക്ക് പ്രതിസന്ധികളില്‍ നിന്ന് കരകയറാനാവുമെന്ന് എം പി സുകുമാരന്‍ നായര്‍ പറഞ്ഞു.
സിനിമ ഉള്‍പ്പടെയുള്ള കലകള്‍ക്കുവേണ്ടി സ്ഥിരമായി ഒരു ചെറിയ മുറി എല്ലായിടത്തുമുണ്ടെങ്കില്‍ അതായിരിക്കും ഇനിയുള്ള കാലത്ത് ഇത്തരം സിനിമകളുടെ പ്രദര്‍ശനവേദി.
സിനിമകളുടെ നിര്‍മാണം എളുപ്പമാവുകയും കാണിക്കല്‍ എന്നത് പഴയപടി നിലനില്‍ക്കുകയും ചെയ്യുകയാണ്. അനശ്വരമാണെന്ന് താന്‍ വിശ്വസിച്ചിരുന്ന സിനിമ മരിച്ചു കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. മത്സരത്തില്‍ സമ്മാനം ലഭിച്ചവര്‍ക്ക് സുകുമാരന്‍നായര്‍ പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു.
നിസാം ആസഫ് സംവിധാനം ചെയ്ത ലാബിരിന്ത് ആണ് മികച്ച ചിത്രം. റഷീദ് പാറയ്ക്കല്‍ സംവിധാനം ചെയ്ത എ ഡോഗ് ഹാസ് എ ഡേ രണ്ടാമത്തെ ചിത്രമായും സുരേഷ് ഉണ്ണി സംവിധാനം ചെയ്ത ദി ഹംഗര്‍ ജനപ്രീതി നേടിയ ചിത്രത്തിനുമുള്ള പുരസ്‌ക്കാരവും ഏറ്റുവാങ്ങി.10000, 5000, 5000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌ക്കാരം.
പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ജയകൃഷ്ണന്‍ നരിക്കുട്ടി അധ്യക്ഷനായി. എ ജെ കെ കോളേജ് മാനേജിങ് ട്രസ്റ്റി അജിത്കുമാര്‍ ലാല്‍മോഹന്‍ മുഖ്യാതിഥിയായി. ജ്യൂറി ചെയര്‍മാന്‍ ജി പി രാമചന്ദ്രന്‍, സത്യാനന്ദ മൂര്‍ത്തി എന്നിവര്‍ സംസാരിച്ചു.
ഫിലിംക്ലബ്ബ് കണ്‍വീനര്‍ ആര്‍ ശശിശേഖര്‍ സ്വാഗതവും ജലീല്‍ നന്ദിയും പറഞ്ഞു.