ചെക്ക്‌പോസ്റ്റുകള്‍ വഴിയുള്ള ചരക്ക് നീക്കം ഏപ്രില്‍ ഒന്നു മുതല്‍ നിര്‍ത്തിവെക്കുന്നു

Posted on: March 27, 2015 10:39 am | Last updated: March 27, 2015 at 10:39 am
SHARE

പാലക്കാട്: സംസ്ഥാനത്തെ മുഴുവന്‍ ചെക്ക് പോസ്റ്റുകള്‍ വഴിയുള്ള ചരക്ക് നീക്കവും ഏപ്രില്‍ ഒന്ന് മുതല്‍ നിര്‍ത്തി വയ്ക്കുമെന്ന് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ്(എ ഐ എം ടി സി)ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വാളയാര്‍ ചെക്ക്‌പോസ്റ്റിലെ ഗതാഗതകുരുക്ക് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിനെ തുടര്‍ന്നാണ് ലോറി ഉടമകളുടെ സംഘടന സമരവുമായി മുന്നോട്ട് നീങ്ങുന്നത്.
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ചരക്കുമായി ഒരു ലോറിയും കേരളത്തില്‍ പ്രവേശിക്കില്ല. അതുപോലെ കേരളത്തില്‍ നിന്നുള്ള ഒരു ലോറിയും ചരക്കുമായി മറ്റ് സംസ്ഥാനങ്ങളിലേക്കും പോവില്ല. വാളയാര്‍ ചെക്ക് പോസ്റ്റിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 2013 ജൂലൈ 22ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമായി തങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു.അന്ന് ചര്‍ച്ചയില്‍ തീരുമാനിച്ച മിക്ക കാര്യങ്ങളും നടപ്പായില്ല.
വണ്ടികള്‍ക്ക് വേഗം ക്ലിയറന്‍സ് ലഭിക്കാനായി ചെക്ക് പോസ്റ്റില്‍ സ്‌കാനിംഗ് മെഷീനും കാമറകളും സ്ഥാപിക്കുമെന്ന് പറഞ്ഞിട്ട് നടന്നില്ല.സുഗമമായ ചരക്ക് നീക്കത്തിന് ഗ്രീന്‍ ചാനല്‍ സംവിധാനം നടപ്പാക്കുമെന്ന് പറഞ്ഞിട്ടും ചെയ്തില്ല. വാളയാര്‍ ചെക്ക് പോസ്റ്റിന് സമീപം സംയുക്ത പരിശോധനയ്ക്കായി സര്‍ക്കാര്‍ നോട്ടിഫൈ ചെയ്ത സ്ഥലത്ത് ഇത് വരെ ഇന്റഗ്രേറ്റഡ് ചെക്ക്‌പോസ്റ്റ് തുടങ്ങാനായില്ല. വാണിജ്യ നികുതി ചെക്ക് പോസ്റ്റില്‍ ആവശ്യത്തിന് ജീവനക്കാരില്ല. ചെക്ക് പോസ്റ്റിലെത്തുന്ന ലോറി ജീവനക്കാര്‍ക്ക് പ്രാഥമിക ആവശ്യത്തിന് വേണ്ടി ശൗചാലയങ്ങളും കുടിവെള്ളവും വിശ്രമകേന്ദ്രവും നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞിട്ടും നടപ്പായില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. അടിയന്തിര ഇടപെടല്‍ നടത്തി പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള തീരുമാനം എടുക്കുന്നത് വരെ സമരം തുടരും.
പത്രസമ്മേളനത്തില്‍ എ ഐ എം ടി സി വര്‍ക്കിംഗ് കമ്മിറ്റി അംഗം കെ ആര്‍ അറുമുഖം, ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി എം നന്ദകുമാര്‍, വൈസ് പ്രസിഡന്റ് എ മുഹമ്മദ് യൂനസ് പങ്കെടുത്തു.