Connect with us

Wayanad

ഭവന വായ്പക്കാര്‍ക്ക് ആശ്വാസം: പാക്കേജ് സെപ്തംബര്‍ 30 വരെ നീട്ടി

Published

|

Last Updated

കല്‍പ്പറ്റ: വയനാട് ജില്ലയിലെ 700ഓളം വരുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമായി മന്ത്രിസഭയുടെ തീരുമാനം. മന്ത്രി പി കെ ജയലക്ഷ്മിയുടെ ഇടപെടലിനെതുടര്‍ന്ന് വയനാട് പാക്കേജ് സെപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിക്കാനും ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാനും കഴിഞ്ഞദിവസത്തെ മന്ത്രിസഭായോഗം തീരുമാനിച്ചു.
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍നിന്നും വായ്പയെടുത്ത് തിരിച്ചടക്കാന്‍ കഴിവില്ലാതെ കടക്കെണിയില്‍പ്പെട്ട 700ഓളം കുടുംബങ്ങളുടെ വായ്പയിന്മേലാണ് ആശ്വാസം പ്രഖ്യാപിച്ചിട്ടുള്ളതെന്ന് പട്ടികവര്‍ഗക്ഷേമ- യുവജനകാര്യ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
18 വര്‍ഷക്കാലമായി നിലനില്‍ക്കുന്ന പ്രശ്‌നമാണ് വയനാട് ജില്ലയിലെ ഭവന വായ്പക്കാരുടേത്. പലിശയും പിഴപ്പലിശയും കൂട്ടുപലിശയും ചേര്‍ത്ത് തുക നാലിരട്ടിവരെ വര്‍ദ്ധിച്ചതിനാലാണ് പലരും കടക്കെണിയിലായത്. ഇവരില്‍ പലരും നാമമാത്രമായ സ്ഥലംമാത്രമുള്ളവരും മറ്റ് കടബാധ്യതയുള്ളവരുമാണ്. ഭൂരിഭാഗംപേരും രണ്ടുലക്ഷം രൂപയില്‍താഴെ തുക മാത്രം വായ്പയെടുത്തവരും ഇപ്പോള്‍ എട്ടുലക്ഷത്തോളംരൂപ തിരിച്ചടക്കാനുള്ളവരുമാണ്.
ഹൗസിംഗ് ബോര്‍ഡ് ലോണീസ് വെല്‍ഫയര്‍ അസോസിയേഷന്‍ മന്ത്രി ജയലക്ഷ്മിക്ക് നല്‍കിയ നിവേദനത്തെതുടര്‍ന്ന് ഹൗസിംഗ് ബോര്‍ഡില്‍നിന്നുള്ള ഭവന വായ്പ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് മന്ത്രി മുഖ്യമന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രിക്കും കത്ത് നല്‍കിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസത്തെ മന്ത്രിസഭാ യോഗം ഇതുസംബന്ധിച്ച വിഷയം ചര്‍ച്ചചെയ്യുകയും ആശ്വാസ നടപടിയായി സെപ്തംബര്‍ 30 വരെ നിലവിലുളള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടാനും തീരുമാനമെടുത്തത്. ഈ വിഷയത്തില്‍ വയനാട് ജില്ലയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ സമരങ്ങളും നടന്നിരുന്നു. ഒരു ജനകീയ പ്രശ്‌നമെന്ന നിലയിലാണ് മന്ത്രി വിഷയം ഏറ്റെടുത്തത്.
പ്രശ്‌നം സംസ്ഥാന മന്ത്രിസഭയുടെ മുന്നില്‍ അവതരിപ്പിക്കുകയും പാവപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസമായി തീരുമാനം കൈക്കൊള്ളുകയുംചെയ്ത മുഖ്യമന്ത്രിയെയും മന്ത്രി ജയലക്ഷ്മിയെയും ഹൗസിംഗ് ബോര്‍ഡ് ലോണീസ് വെല്‍ഫയര്‍ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് അമ്പലവയല്‍, കണ്‍വീനര്‍ പി സി മാത്യു എന്നിവര്‍ അഭിനന്ദിച്ചു.