Connect with us

Wayanad

മസിനഗുഡി പഞ്ചായത്ത് കടുവാ സംരക്ഷണ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കം ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കുന്നു

Published

|

Last Updated

ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍, ഊട്ടി താലൂക്കുകളിലെ മസിനഗുഡി, ഷോളൂര്‍ പഞ്ചായത്തുകള്‍ കടുവാസംരക്ഷണ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കം ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കുന്നു. പ്രസ്തുത പഞ്ചായത്തുകളിലെ ശിങ്കാര, സീഗൂര്‍, ആനക്കട്ടി ഫോറസ്റ്റ് റെയ്ഞ്ചുകളാണ് കടുവാസംരക്ഷണ കേന്ദ്രമാക്കിമാറ്റുന്നത്.
ടൈഗര്‍ കണ്‍സര്‍വേഷന്‍ ഓഫ് ഇന്ത്യയാണ് ഇതിനായുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ഇതിനായി വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് ഉള്‍പ്പെടെയുള്ള മൂന്ന് ജി ഒകള്‍ പാസ് ചെയ്തിട്ടുണ്ട്. ഇതിനെതിരെ ജനരോഷം ശക്തമായിട്ടുണ്ട്. സര്‍ക്കാരിന്റെ നടപടിക്കെതിരെ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ജനങ്ങള്‍. സംഭവത്തില്‍ പ്രതിഷേധിച്ച് മസിനഗുഡി പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
മസിനഗുഡി പഞ്ചായത്തില്‍ 17,000 കുടുംബങ്ങളാണ് അതിവസിക്കുന്നത്. ധാരാളം ആദിവാസികളും ഇവിടെ താമസിക്കുന്നുണ്ട്. കന്നുകാലികളെ വളര്‍ത്തിയും, കൃഷിചെയ്തുമാണ് ഇവിടുത്തെ കര്‍ഷകര്‍ ഉപജീവനം നടത്തുന്നത്. ഇതുസംബന്ധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി, വനം മന്ത്രി, ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ പ്രദേശങ്ങള്‍ കടുവാസംരക്ഷണ കേന്ദ്രമാക്കി മാറ്റുന്നത് ഗ്രാമസഭകളുടെ അംഗീകാരത്തോടെ വേണമെന്നാണ് ഇവര്‍ പറയുന്നത്.
കോര്‍ സോണില്‍ നിന്ന് ഒരു ഭാഗത്തെ നീക്കാന്‍ സുപ്രീംകോടതിയെ സമീപിക്കണമെന്നാണ് പറയപ്പെടുന്നത്. ഇതിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് മസിനഗുഡി സംരക്ഷണ സമിതിയുടെ തീരുമാനം.