Connect with us

Wayanad

പത്ത് കോടി രൂപയുടെ പാര്‍പ്പിട പദ്ധതികളുമായി മഞ്ചേരി നഗരസഭാ ബജറ്റ്

Published

|

Last Updated

മഞ്ചേരി: നഗരസഭയിലെ പാര്‍പ്പിട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 10.32 കോടി രൂപ വകയിരുത്തിയ മുനിസിപ്പല്‍ ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ ഇ കെ വിശാലാക്ഷി അവതരിപ്പിച്ചു. ഭവന രഹിതരില്ലാത്ത മഞ്ചേരിക്കായി രൂപം കൊടുത്ത ശിഹാബ് തങ്ങള്‍ ഭവന പദ്ധതിക്ക് അഞ്ചു കോടി രൂപ നീക്കിവെച്ചു.
സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്ത നിര്‍ധന കുടുംബങ്ങള്‍ക്ക് മൂന്ന് സെന്റ് വീതം നല്‍കുന്നതിനായി ഒരു കോടി രൂപയും വീട് റിപ്പയറിംഗിന് 1.25 കോടി രൂപയും വകയിരുത്തിയ ബജറ്റില്‍ രണ്ടര കോടി രൂപയുടെ കേന്ദ്ര സഹോയത്തോടെയുള്ള ഭവന പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്. ആരോഗ്യ ശുചിത്വ മേഖലക്കായി 3,54,65,000 രൂപ നീക്കിവെച്ചു.
ഇതില്‍ ആധുനിക അറവു ശാല നവീകരണത്തിന് 25 ലക്ഷം, പരിരക്ഷ പദ്ധതിക്ക് ആറ് ലക്ഷം, ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റുകളുടെ സബ്‌സിഡിക്ക് മൂന്ന് ലക്ഷം, ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് 14 ലക്ഷം, അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ആരോഗ്യ സുരക്ഷക്ക് 2.5 ലക്ഷം, വിവിധ ആശുപത്രികള്‍ക്ക് മരുന്ന് വാങ്ങുന്നതിന് 14 ലക്ഷം രൂപയും ഉള്‍പ്പെടും. ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി സംസ്ഥാന-തനത് ഫണ്ടുകള്‍ ഉള്‍പ്പെടുത്തി 10.02 കോടി രൂപ വകയിരുത്തി. ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി 86 കോടി രൂപ നീക്കിവെച്ച ബജറ്റില്‍ വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ക്കായി 9,15,55,600 രൂപയും വകയിരുത്തിയിട്ടുണ്ട്. വര്‍ഷാരംഭത്തിലെ നീക്കിയിരുപ്പ് 4,37,30,000 രൂപയടക്കം 249,48,17,300 രൂപ വരവും 249, 18,57,300 രൂപ ചെലവും പ്രതീക്ഷിക്കുന്ന 2015-16 വര്‍ഷത്തെ ബജറ്റ് ആവതരണ യോഗത്തില്‍ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്ന് നടക്കും.