Connect with us

Malappuram

ഉസ്താദുല്‍ അസാതീദ് വിജ്ഞാനത്തിന്റെ മഹാ സാഗരം: കാന്തപുരം

Published

|

Last Updated

ഒതുക്കുങ്ങല്‍: ഒരു പുരുഷായുസ്സ് മുഴുവന്‍ പരിശുദ്ധ ജ്ഞാനത്തിന്റെ സേവനത്തിനായി നീക്കി വെക്കുകയും യുഗാന്തരങ്ങളില്‍ സ്മരണീയനാവുകയും ചെയ്തുവെന്നത് തന്നെയാണ് ഒ കെ ഉസ്താദിന്റെ ഏറ്റവും വലിയ കറാമത്തെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. ഉസ്താദുല്‍ അസാതീദ് ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ പതിമൂന്നാം ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നാല് മദ്ഹബിന്റെ ഇമാമുമാരും ശേഷം വന്ന ഇമാം നവവി (റ) ഉള്‍പ്പെടെയുള്ള ഔലിയാക്കളുടെ കൂടെ ചേര്‍ത്ത് വായിക്കപ്പെടേണ്ടയാളാണ് ബഹ്‌റുല്‍ ഉലൂം ഒ കെ ഉസ്താദെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടന്ന സമൂഹ സിയാറത്തോടെ ആണ്ട് നേര്‍ച്ചക്ക് തുടക്കമായി.
ആണ്ടിനോടനുബന്ധിച്ച് നടന്ന റിലീഫ് കിറ്റ് വിതരണോദ്ഘാടനം ഒ കെ അബ്ദുസ്സലാം മുസ്‌ലിയാര്‍ നിര്‍വഹിച്ചു. ഖത്തം ദുആക്കും മൗലിദ് പാരായണത്തിനും സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കടലുണ്ടി, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, ഒ കെ മൂസാന്‍കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
സയ്യിദ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍ സമാപന പ്രാര്‍ഥന നിര്‍വഹിച്ചു. തോട്ടക്കാട് സാത്തിരി പൂക്കോയ തങ്ങള്‍, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, പ്രൊഫ. കെ എം എ റഹീം സംബന്ധിച്ചു.