Connect with us

Malappuram

കോഴ നിയമനം: തേഞ്ഞിപ്പലം പഞ്ചായത്ത് ബജറ്റ് മാറ്റിവെച്ചു

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് നിയമനത്തിന് ലക്ഷങ്ങള്‍ കോഴ ആവശ്യപ്പെട്ട തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കള്ളിയില്‍ ഫിറോസ് രാജിവെക്കുക എന്നാവശ്യപ്പെട്ട് ഇടതുപക്ഷം ഗ്രാമ പഞ്ചായത്തിലേക്ക് നടത്തിയ ഉപരോധത്തിനിടയില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് ഉപരോധക്കാരുടെ വകയില്‍ ക്രൂര മര്‍ദനം.
ഓഫീസ് കമ്പ്യൂട്ടര്‍, ഫയലുകള്‍, മറ്റ് പ്രധാന വിവരങ്ങളടങ്ങിയ സാധന സാമഗ്രികള്‍ തട്ടി തെറിപ്പിച്ച് തകര്‍ത്തു. പഞ്ചായത്ത് ഓഫീസിന്റെ പിന്‍വാതിലും ജനല്‍ ചില്ലുകളും തകര്‍ത്തിട്ടുണ്ട്. അക്രമത്തില്‍ പരുക്കേറ്റ പഞ്ചായത്ത് സെക്രട്ടറി അബു കെ ഫൈസലിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ് അവതരണം നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഉപരോധക്കാരെ പ്രകോപനപ്പെടുത്താതിരിക്കാന്‍ വേണ്ടി ബഡ്ജറ്റ് തിങ്കളാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം ഈ വിവരം ഗ്രാമ പഞ്ചായത്ത് അംഗങ്ങളെ രേഖാമൂലം അറിയിച്ചില്ലായിരുന്നു. ഇതനുസരിച്ച് നോട്ടീസ് തയ്യാറാക്കാന്‍ വേണ്ടി സെക്രട്ടറി ഉപരോധക്കാരുടെ സമ്മത പ്രകാരം ഗ്രാമ പഞ്ചായത്തിന്റെ പിന്‍ വശത്തിലൂടെ പഞ്ചായത്ത് ഓഫീസിലേക്ക് കടക്കുകയായിരുന്നു. പിന്നീട് അല്‍പ സമയത്തിനുളളില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പിന്‍വശത്തെ വാതില്‍ തകര്‍ത്ത് സെക്രട്ടറിയുടെ റൂമിലേക്ക് ഇരച്ച് കയറുകയായിരുന്നു. സെക്രട്ടറിയുടെ മേശയുടെ മേലുളള ഫയലുകള്‍, കമ്പ്യൂട്ടര്‍, ടെലിഫോണ്‍ റസീവര്‍ എന്നിവ വാരി വലിച്ചെറിയുകയും ചെയ്തു. പിന്നീട് സെക്രട്ടറിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ഓഫീസില്‍ നിന്ന് ഇറങ്ങിയോടിയ സെക്രട്ടറിയെ പിന്നാലെ അക്രമികള്‍ പിന്തുടര്‍ന്ന് തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് സെക്രട്ടറി പറഞ്ഞു. സെക്രട്ടറിയെ അക്രമിച്ചതില്‍ വിവിധ കോണുകളില്‍ നിന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Latest