സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കില്‍ യാത്രക്കാര്‍ വലഞ്ഞു

Posted on: March 27, 2015 10:27 am | Last updated: March 27, 2015 at 10:29 am
SHARE

കോട്ടക്കല്‍: വിദ്യാര്‍ഥികള്‍ മര്‍ദിച്ചെന്നാരോപിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ യാത്രക്കാര്‍ വലഞ്ഞു. ചങ്കുവെട്ടി മിനിറോഡില്‍ ഇന്നലെ തുറന്ന പുതിയ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ബസ് നിര്‍ത്തുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം.
നിര്‍ത്താന്‍ കൂട്ടാക്കാതിരുന്ന ബസ് തടഞ്ഞുനിറുത്തി യാത്രക്കാരെ ഇറക്കി വിട്ട വിദ്യാര്‍ഥികള്‍ ജീവക്കാരെ മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസും നാട്ടുകാരും പറയുന്നു. ഇന്നലെ വൈുന്നേരം നാല് മണിയോടെയാണ് പ്രശ്‌നത്തിന് തുടക്കം. നിലവില്‍ ബസ് നിര്‍ത്തുന്ന ഇവിടെ ഇന്നലെ പുതിയ കാത്തിരിപ്പു കേന്ദ്രം തുറന്നിരുന്നു. ഇവിടെ ബസ് നിര്‍ത്താന്‍ കുട്ടികള്‍ ആവശ്യപ്പെടുകയായിരുന്നു. നിര്‍ത്താന്‍ കൂട്ടാകാതിരുന്ന ചിലരുമായി കുട്ടികള്‍ വാക്കേറ്റമുണ്ടായി. ഇത് പിന്നീട് ഇരുവിഭാഗവും തമ്മിലുള്ള അടിപിടിയില്‍ കലാസിക്കുകയായിരുന്നു. പോലീസ് എത്താന്‍ വൈകിയതും പ്രശ്‌നം രൂക്ഷമാക്കി. പിന്നീട് എത്തിയ പോലീസ് വിദ്യാഥികളെ സ്റ്റേഷനിലേക്ക് മാറ്റി. ഇതിനിടെയാണ് ബസ് ജീവനക്കാര്‍ ബസ് ഓട്ടം നിര്‍ത്തി പ്രതിഷേധിച്ചത്. ഇതൊടെ യാത്രക്കാര്‍ പെരുവഴിയിലായി. കോട്ടക്കല്‍ വഴി കടന്നു പോകുന്ന മുഴുവന്‍ ബസുകളും സമരം നടത്തിയവര്‍ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു. ഇതിനിടെ ബസ് ജീവനക്കാരുടെ മര്‍ദനത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് സംയുക്തവിദ്യാര്‍ഥി യൂനിയനുകള്‍ പോലീസ് സ്റ്റേഷനുമുമ്പില്‍ ബഹളം വെച്ചതോടെ അഞ്ച് പേരെ പോലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചു. വിദ്യാര്‍ഥികളുടെ മര്‍ദനത്തില്‍ പരുക്കേറ്റ മൂന്ന് പേരും ചികിത്സതേടിയിട്ടുണ്ട്.
തിരൂരില്‍ നിന്നം മലപ്പുറത്ത് നിന്നുമുളള ബസുകളും സമരക്കര്‍ നിര്‍ത്തിവെപ്പിച്ചതോടെ യാത്രക്കാര്‍ പൂര്‍ണമായും പെരുവഴിയിലായി. കോട്ടക്കലില്‍ നിന്നും വേങ്ങര, പുതുപ്പറമ്പ്, പറപ്പൂര്‍, ഇന്ത്യനൂര്‍, വളാഞ്ചേരി, പെരിന്തല്‍മണ്ണ തുടങ്ങിയ ഭാഗത്തേക്കുള്ള യാത്രക്കാരാണ് യാത്രചെയ്യാനാവാതെ കുഴങ്ങിയത്.
സംഭത്തില്‍ പ്രതിഷേധിച്ച് ടൗണില്‍ ബസ് ജീവക്കാരും, ബസ് ജീവനക്കാരുടെ മര്‍ദനത്തിനെതിരെ എം എസ് എഫ് പ്രവര്‍ത്തകരും പ്രകടനം നടത്തി. ബസുകള്‍ ഓട്ടം നിര്‍ത്തിയ അവസരത്തില്‍ ബസ് സ്റ്റാന്‍ഡില്‍ പോലീസ് ഇല്ലാതിരുന്നതും പ്രതിഷേധത്തിനിടയാക്കി. ബസ് ജീവനക്കാരുടെ ചെയ്തിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരും ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റവും നടന്നു. സംഭവത്തില്‍ ഇരുവിഭാഗത്തിന്റെയും പരാതിയില്‍ പോലീസ് കേസെടുത്തു.