Connect with us

Kozhikode

മെഡിക്കല്‍ കോളജ് ലാബില്‍ തീപ്പിടിത്തം

Published

|

Last Updated

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അഡ്വാന്‍ സ് ക്ലിനിക്കല്‍ റിസര്‍ച്ച് (എ സി ആര്‍) ലാബില്‍ തീപ്പിടിത്തം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30നാണ് തീപ്പിടിത്തമുണ്ടായത്. ലാബ് പ്രവര്‍ത്തിച്ച മുറി പൂര്‍ണമായും കത്തിനിശിച്ചു. ലാബിന് അകത്തുണ്ടായിരുന്ന രണ്ട് വലിയ യു പി എസ്, അമ്പതോളം ബാറ്ററികള്‍, രാസപദാര്‍ഥങ്ങള്‍, പരിശോധനാ ഉപകരണങ്ങള്‍, വാട്ടര്‍ പ്യൂരിഫയര്‍, വയറിംഗ്, ലാബ് സീലിംഗ് എന്നിവയെല്ലാം ചാമ്പലായി. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി അഗ്നിശമന വിഭാഗം അറിയിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടണാണ് അപകട കാരണമെന്നാണ് പ്രാധമിക നിഗമനം. കെ എസ് എച്ച് ആര്‍ ഡബ്ല്യു എസിന്റെ സമീപത്തായുള്ള ലാബിലാണ് തീപ്പിടിത്തമുണ്ടായത്.
ഈ റൂമിന്റെ സമീപത്തുള്ള ജീവനക്കാരാണ് തീപ്പിടിത്തം ആദ്യം കണ്ടത്. തുടര്‍ന്ന് വെളളിമാട്കുന്ന് അഗ്നിശമന വിഭാഗത്തിന് വിവരം കൈമാറുകയായിരുന്നു. അസിസറ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി സതീശന്റെ നേതൃത്വത്തില്‍ രണ്ട് യൂനിറ്റ് എത്തിയാണ് തീയണച്ചത്. മൂന്ന് കോടി രൂപ വിലവരുന്ന മെഷീനുകള്‍ തീപ്പിടിത്തമുണ്ടായ ലാബിന് സമീപത്തുള്ള മുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
വയറിംഗ് പൂര്‍ണമായും പുനഃസ്ഥാപിച്ച ശേഷം മെഷീന്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമേ ഇവക്ക് തകരാറുണ്ടോയെന്ന് മനസ്സിലാക്കാന്‍ സാധിക്കൂ. വയറിംഗ് അടക്കമുള്ള അറ്റുകുറ്റപ്പണികള്‍ക്ക് ഇന്നലെ തന്നെ തുടക്കമായി. ലാബ് പൂര്‍ണരൂപത്തിലേക്ക് എത്താന്‍ കുറഞ്ഞത് ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ക്യാന്‍സര്‍ രോഗനിര്‍ണയം, ഹോര്‍മോണ്‍, രക്തം എന്നിവയുടെ പരിശോധന ഉള്‍പ്പെടെ 70 പരിശോധനകളാണ് ഇവിടെ ഒരു ദിവസം നടക്കുന്നത്. ചുരുങ്ങിയത് പത്ത് രൂപ മുതല്‍ കൂടിയ നിരക്കായ 750 രൂപ വരെ ഈടാക്കുന്ന വിവിധയിനം പരിശോധനകള്‍ക്ക് ദിനംപ്രതി 350 മുതല്‍ 400 പേര്‍ വരെ എത്താറുണ്ട്.