Connect with us

Kozhikode

വികസനത്തിന് തടസ്സം അനാവശ്യ ആശങ്കകള്‍: ജില്ലാ കലക്ടര്‍

Published

|

Last Updated

കോഴിക്കോട്: അനാവശ്യമായ ആശങ്കയാണ് പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമെന്ന് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണകൂടത്തിന്റെ താത്പര്യവും ഇടപെടലും മാത്രം പോര. പൊതുജനങ്ങളുടെ സഹകരണവും അനിവാര്യമാണെന്നും കലക്ടര്‍ പറഞ്ഞു.
കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ തന്റെ പ്രതീക്ഷകള്‍ പങ്കുവെക്കുകയായിരുന്നു കലക്ടര്‍. വികസനവുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും പൊതുജനങ്ങള്‍ക്ക് ആശങ്കയുണ്ടാകാറുണ്ട്. ശരിയായ ഉത്‌ബോധനത്തിലൂടെ കാര്യങ്ങള്‍ പൊതുജനത്തെ മനസ്സിലാക്കിപ്പിക്കുന്നതില്‍ ഭരണകൂടങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്.
ഭാവിയിലെ ഇന്ധനദൗര്‍ലഭ്യം മുന്നില്‍ കണ്ട് ഏറെ പ്രയോജനകരമാവേണ്ട ഗെയ്‌ലിന്റെ വാതക പൈപ്പ് ലൈന്‍ പദ്ധതി പോലും കേരളത്തില്‍ എതിര്‍ക്കപ്പെടുകയാണ്. ഒരു വീടുപോലും പൊളിക്കാന്‍ നിര്‍ദേശിക്കാത്ത വിധത്തിലുള്ള രൂപരേഖയോടെ വിഭാവനം ചെയ്ത പദ്ധതിക്കെതിരെയാണ് പലയിടത്തും പ്രതിഷേധമുയര്‍ന്നത്.
കനോലി കനാല്‍ കോഴിക്കോടിന്റെ ഓവുചാലായി നിലനില്‍ക്കുകയാണ്. മാലിന്യങ്ങള്‍ കനാലില്‍ നിക്ഷേപിക്കുന്ന സമൂഹത്തിന്റെ നിലപാട് മാറാതെ കനാല്‍ നവീകരണത്തിനായി പദ്ധതി വിഭാവനം ചെയ്തിട്ട് കാര്യമില്ല. മാനസികാരോഗ്യ കേന്ദ്രങ്ങളിലെയും അനാഥാലയങ്ങളിലെയും വൃദ്ധമന്ദിരങ്ങളിലെയും പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്ന് കലക്ടര്‍ പറഞ്ഞു.
പരിപാടിയില്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡന്റുമാരായ എം പി രാമചന്ദ്രന്‍, എം പി പ്രശാന്ത്, ജനറല്‍ സെക്രട്ടറി ടി കെ ബാലനാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.

Latest