നഗരപാത വികസനം: 25 കോടി 31നകം ലഭ്യമാക്കും- മന്ത്രി മുനീര്‍

Posted on: March 27, 2015 10:23 am | Last updated: March 27, 2015 at 10:23 am
SHARE

കോഴിക്കോട്: നഗരപാത വികസന പദ്ധതിക്കായി അനുവദിച്ച 25 കോടി രൂപ ഈ മാസം 31നകം ലഭ്യമാക്കുമെന്ന് മന്ത്രി എം കെ മുനീര്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പദ്ധതി അവലോകനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡിന്റെ നിര്‍മാണത്തിനാവശ്യമായ സ്ഥലം അക്വയര്‍ ചെയ്യാന്‍ വിട്ടുപോയ സര്‍വേ നമ്പറുകളുടെ ഉടമസ്ഥരെ കലക്ടറുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. ഫണ്ട് കിട്ടുന്നതിനനുസരിച്ച് റോഡിനായി കണ്ടെത്തിയ സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കും. ഇതോടൊപ്പം പ്രദേശത്തെ സര്‍ക്കാര്‍ ഭൂമിയും ലഭ്യമാക്കും. വാടകക്കാരില്ലാത്ത പ്രദേശങ്ങളിലാണ് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുക. പദ്ധതി നടത്തിപ്പിന് അധികമായി ആവശ്യമായി വരുന്ന ജീവനക്കാരെ നിയമിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.
യോഗത്തില്‍ എം കെ രാഘവന്‍ എം പി, എ പ്രദീപ്കുമാര്‍ എം എല്‍ എ, കലക്ടര്‍ എന്‍ പ്രശാന്ത്, എ ഡി എം. കെ രാധാകൃഷ്ണന്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ എം ജി എസ് നാരായണന്‍, എം പി വാസുദേവന്‍, മാത്യു കുട്ടിക്കാനം പങ്കെടുത്തു.