ആഴക്കടലില്‍ ഫൈബര്‍ ബോട്ട് തകര്‍ന്നു; മൂന്ന് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെട്ടു

Posted on: March 27, 2015 10:22 am | Last updated: March 27, 2015 at 10:22 am
SHARE

വടകര: മത്സ്യബന്ധനത്തിനിടയില്‍ ആഴക്കടലില്‍ വെള്ളം കയറി ഫൈബര്‍ ബോട്ട് തകര്‍ന്നു. മൂന്ന് മത്സ്യത്തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അഴിത്തല ഫിഷ് ലാന്റിംഗ് സെന്ററില്‍ നിന്ന് ബുധനാഴ്ച വൈകീട്ട് നാല് മണിയോടെ മത്സ്യബന്ധനത്തിന് പുറപ്പെട്ട സി എം മടവൂര്‍ എന്ന ഫൈബര്‍ വള്ളമാണ് ഇന്നലെ രാവിലെ ആറ് മണിയോടെ അപകടത്തില്‍പ്പെട്ടത്.
ഫൈബര്‍ വള്ളത്തില്‍ ഉണ്ടായിരുന്ന അഴിത്തല പരവന്റെ വളപ്പില്‍ മഹമൂദ് (60), അഴിത്തല മുക്രി വളപ്പില്‍ മുസ്തഫ (52), മണിയൂര്‍ മുതുവന സക്കറിയ (42), എന്നിവരാണ് കരയില്‍ നിന്നും 20 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ആഴക്കടലില്‍ അപകടത്തില്‍പ്പെട്ടത്. ഫൈബര്‍ വള്ളത്തില്‍ വെള്ളം കയറിയ ശേഷം മറിയുകയായിരുന്നു. രണ്ട് മണിക്കൂറോളം ആഴക്കടലില്‍ മരണത്തോട് മല്ലടിച്ച മൂവരെയും മത്സ്യബന്ധനം നടത്തുകയായിരുന്ന ജനാര്‍ദനന്‍ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുകയായിരുന്നു.
ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അല്‍ തബല്‍നൂര്‍, നിലപ്പുറം, തുമ്പാലവന്‍ എന്നീ ഫൈബര്‍ വള്ളങ്ങള്‍ അപകടസ്ഥലത്തു നിന്ന് തകര്‍ന്ന ഫൈബര്‍ വള്ളവും കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെയും ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് അഴിത്തലയിലെത്തിച്ചത്. ഫൈബര്‍, രണ്ട് എന്‍ജി ന്‍, വല എന്നിവ പാടെ തകര്‍ന്നു. ഏഴ് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. 40,000 രൂപയുടെ മത്സ്യവും നഷ്ടപ്പെട്ടു. മമ്മു കാഞ്ഞാലി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് തകര്‍ന്ന ഫൈബര്‍ വള്ളം.
അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കോസ്റ്റ് ഗാര്‍ഡോ, ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റോ തിരിഞ്ഞു നോക്കിയില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.