നരിക്കുനി ഗവ. ആശുപത്രി റോഡിലെ യാത്ര രോഗികളുടെ നടുവൊടിക്കുന്നു

Posted on: March 27, 2015 10:17 am | Last updated: March 27, 2015 at 10:17 am
SHARE

നരിക്കുനി: ഗവ. ആശുപത്രി വളപ്പിലെ റോഡില്‍ കല്ലുകള്‍ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ രോഗികള്‍ ബുദ്ധിമുട്ടുന്നു. പഴയ ഓഫീസ് കെട്ടിടത്തിന്റെ പിന്നില്‍ നിന്ന് തുടങ്ങി പൂതിയ ബ്ലോക്കിന്റെ മുന്‍വശം വരെയാണ് വലിയ കരിങ്കല്ല് പാകിയ റോഡുള്ളത്. ആശുപത്രിയിലേക്ക് രോഗികളെയുമായെത്തുന്നതും തിരിച്ച് പോകുന്നതുമായ വാഹനങ്ങളെല്ലാം ഈ റോഡിലൂടെയാണ് കടന്നു പോകുന്നത്. അവശരായ രോഗികള്‍ക്ക് ദുരിതമാകുകയാണ് ഈ റോഡുവഴിയുള്ള യാത്ര. പാകിയ കല്ലുകള്‍ ഇപ്പോള്‍ ഇളകിയിട്ടുമുണ്ട്. 50മീറ്റര്‍ നീളത്തില്‍ സോളിംഗ് നടത്തി ടാറിംഗ് നടത്തിയാല്‍ തീരുന്നതേയുള്ളൂ ഈ യാത്രാദുരിതം. എന്നാല്‍ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതര്‍ കേട്ട ഭാവം നടിക്കുന്നില്ല. നിത്യേന നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന ഈ ആതുരാലയത്തിലേക്കുള്ള റോഡ് സുഗമമായ യാത്രക്ക് യോഗ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.