മലയോരത്തെ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു

Posted on: March 27, 2015 10:17 am | Last updated: March 27, 2015 at 10:17 am
SHARE

മുക്കം: ആവശ്യത്തിന് ജീവനക്കാരില്ലാത്തത് മലയോര മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, ചെറുവാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, കാരശ്ശേരി തേക്കുംകുറ്റി പ്രാഥമികാരോഗ്യ കേന്ദ്രം, തിരുവമ്പാടി പ്രാഥമികാരോഗ്യകേന്ദ്രം, കൊടിയത്തൂര്‍ പി എച്ച് സി തുടങ്ങി മലയോര മേഖലയിലെ ഒട്ടുമിക്ക സര്‍ക്കാര്‍ ആശുപത്രികളിലും ജീവനക്കാരുടെ അഭാവമാണ് പ്രവര്‍ത്തനത്തെ ബാധിക്കുന്നത്. ദിവസന 250ല്‍പരം രോഗികള്‍ എത്തുന്ന മുക്കം സി എച്ച് സിയുടെ നില ഏറെ പരിതാപകരമാണ്. ഏഴ് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് നാല് പേര്‍ മാത്രമാണ് ഇവിടെയുള്ളത്. നാട്ടുകാരുടെ നിരന്തരമായ ആവശ്യങ്ങള്‍ക്കൊടുവില്‍ ആശുപത്രിയില്‍ നിയമിച്ച ഗൈനക്കോളജിസ്റ്റും ആറ് മാസമായി ഇവിടെയില്ല. പ്രസവാവധിക്ക് പോയ ഗൈനക്കോളജിസ്റ്റിന് പകരം പുതിയയാളെ നിയമിച്ചിട്ടില്ല.
മലയോര മേഖലയില്‍ കിടത്തി ചികിത്സയുള്ള ഈ ആശുപത്രിയെ ആദിവാസികളടക്കം നിരവധി പേരാണ് ആശ്രയിക്കുന്നത്. ഗൈനക്കോളജിസ്റ്റുള്‍പ്പെടെയുള്ള വിദഗ്ധ ഡോക്ടര്‍മാരില്ലാത്തതിനാല്‍ പാവപ്പെട്ട രോഗികള്‍ ഭീമമായ സംഖ്യമുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ്.
മലയോര മേഖലയില്‍ രണ്ടാമത്തെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായ ചെറുവാടി സി എച്ച് സിയുടെ സ്ഥിതി ഏറെ പരിതാപകരമാണ്. ശരാശരി നൂറില്‍പരം രോഗികള്‍ ദിവസേന ചികിത്സ തേടിയെടുത്തുന്ന ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. 11.30ന് ശേഷമെത്തുന്ന രോഗികള്‍ക്ക് ഒ പി ടിക്കറ്റ് നല്‍കുന്നത് ഇവിടെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ആശുപത്രിയില്‍ കിടത്തിചികിത്സ വേണമെന്നാവശ്യം ശക്തമാകുന്നതിനിടെയാണ് മൂന്ന് ഡോക്ടര്‍മാരുണ്ടായിരുന്ന ഈ ആശുപത്രിയില്‍ ഒരു ഡോക്ടറുടെ മാത്രം സേവനം ലഭ്യമാകുന്നത്. മലയോരത്ത് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന തിരുവമ്പാടി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. കൊടിയത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ആകെയുള്ള ഒരു ഡോക്ടറുടെ സേവനം ആഴ്ചയില്‍ മുഴുവന്‍ ദിവസവും ലഭ്യമാകാറില്ല. കാരശ്ശേരി തേക്കുംകുറ്റി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഇത് തന്നെയാണവസ്ഥ
മലയോര മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടറെയും പാരാമെഡിക്കല്‍ സ്റ്റാഫുകളെയും നിയമിക്കാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.