ഭവന പദ്ധതികള്‍ ഹൗസിംഗ് ബോര്‍ഡിനെ ഏല്‍പ്പിക്കണം: ചെയര്‍മാന്‍

Posted on: March 27, 2015 5:45 am | Last updated: March 27, 2015 at 12:45 am
SHARE

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഭവന നിര്‍മ്മാണ പദ്ധതികളുടെ നിര്‍വഹണ ചുമതല ഭവന നിര്‍മ്മാണ ബോര്‍ഡിനെ ഏല്‍പ്പിക്കണമെന്ന് ചെയര്‍മാന്‍ അറയ്ക്കല്‍ ബാലകൃഷ്ണപിള്ള. നാലു പതിറ്റാണ്ടായി ഭവന നിര്‍മാണ മേഖലയിലെ സര്‍ക്കാര്‍ പദ്ധതികള്‍ സാമൂഹിക പ്രതിബദ്ധതയോടെ ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കിയ പാരമ്പര്യം ബോര്‍ഡിനുണ്ടെന്നും ചെയര്‍മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു.

1.75 ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇത് നിര്‍വഹണ ഏജന്‍സി ഏതെന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.
ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് ഭൂമി വാങ്ങി ഫ്്ഌറ്റ് നിര്‍മ്മിച്ചുനല്‍കുന്ന പദ്ധതി ജില്ലാ ഹൗസിംഗ് സൊസൈറ്റികള്‍ രൂപവത്കരിച്ച് നടപ്പാക്കുമെന്ന് ബജറ്റില്‍ പറയുന്നു. ഇക്കാര്യത്തില്‍ ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ പ്രവര്‍ത്തന പരിചയം ഉപയോഗപ്പെടുത്തിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാകും. 3000 മത്സ്യതൊഴിലാളി ഭവനങ്ങള്‍ ഉള്‍പ്പെടെ 75,000 വീടുകളുടെ നിര്‍മ്മാണ ചുമതല ഏറ്റെടുക്കാന്‍ ബോര്‍ഡ് തയ്യാറാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സക്ക് എത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് കുറഞ്ഞ ചെലവില്‍ താമസസൗകര്യമൊരുക്കാന്‍ സാന്ത്വനം ഭവന പദ്ധതി നടപ്പാക്കും. തിരുവനന്തപുരം എന്‍ സി സി നഗര്‍, കോഴിക്കോട്, കട്ടപ്പന, മുളങ്കുന്നത്തുകാവ്, ചാലക്കുടി, ഇടപ്പള്ളി എന്നിവടങ്ങളില്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍ ഈ വര്‍ഷം പൂര്‍ത്തിയാകും. പുജപ്പുരയില്‍ നാല് കോടി മുടക്കി അത്താണി ഭവന പദ്ധതിയില്‍ ഫഌറ്റുകള്‍ നിറമ്മിച്ച് വിതരണം ചെയ്യും.
കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപവും തിരുവനന്തപുരത്ത് ആക്കുളത്തും പ്രവാസികള്‍ക്കായി വില്ലകള്‍ നിര്‍മ്മിച്ചു നല്‍കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. ബോര്‍ഡ് സെക്രട്ടറിയുട ചുമതലയുള്ള സുനിത കമല്‍, ചീഫ് എന്‍ജിനിയര്‍ രാജീവ് കരിയില്‍, ഡെപ്യുട്ടി ചീഫ് എന്‍ജിനിയര്‍ എം വല്‍സമ്മ, ഫിനാന്‍സ് മാനേജര്‍ എസ് അനിത എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.